അബുദാബി: വാഹനങ്ങളിൽ നിന്ന് നിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പോലീസ് മുന്നറിയിപ്പ്; 162 ഡ്രൈവർമാർക്ക് പിഴ ചുമത്തി

featured UAE

എമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെട്ട 162 ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

2022-ലെ ആദ്യത്തെ ആറ് മാസത്തെ കണക്കുകൾ പ്രകാരമാണ് ഇത്. മാലിന്യങ്ങൾ അവ നിർമ്മാർജ്ജനം ചെയ്യുന്നതിനായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങളിൽ കൃത്യമായി നിക്ഷേപിക്കാൻ പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അബുദാബിയിൽ ഓടിക്കൊണ്ടിരിക്കുന്നതോ, നിർത്തിയിട്ടിരിക്കുന്നതോ ആയ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും വെള്ളക്കുപ്പികൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് ഗതാഗത നിയമത്തിലെ 71-മത് വ്യവസ്ഥയനുസരിച്ച്1000 ദിർഹം പിഴ ചുമത്തുന്നതാണ്. ഇതിന് പുറമെ ആറ് ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

എമിറേറ്റിലെ റോഡുകളുടെയും, പൊതു ഇടങ്ങളുടെയും ശുചിത്വം പരിപാലിക്കുന്നതിനായി ഇത്തരം തെറ്റായ പ്രവർത്തികൾ ഒഴിവാക്കാൻ പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.