അബുദാബി: ബസുകളിൽ സഞ്ചരിക്കുന്നവർക്ക് പിഴ ചുമത്താവുന്ന നിയമലംഘനങ്ങൾ സംബന്ധിച്ച് ITC അറിയിപ്പ് നൽകി

featured UAE

എമിറേറ്റിലെ പൊതുഗതാഗതത്തിനുള്ള ബസുകളിൽ സഞ്ചരിക്കുന്ന യാത്രികർക്ക് വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പിഴ ശിക്ഷകൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി. ITC-യുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ അറിയിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് സാധാരണയായി ഏറ്റവും കൂടുതൽ പിഴ ചുമത്തപ്പെടുന്ന ലംഘനങ്ങൾ ചൂണ്ടിക്കാട്ടുന്നതിനായാണ് ITC ഇത്തരം ഒരു അറിയിപ്പ് നൽകിയിരിക്കുന്നത്. ബസുകളിലെ യാത്രികർക്ക് 100 മുതൽ 500 ദിർഹം വരെ പിഴ ചുമത്തപ്പെടാവുന്ന വിവിധ നിയമലംഘനങ്ങൾ ITC ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • പൊതുഗതാഗതത്തിനുള്ള ബസുകളിൽ മൂർച്ചയേറിയ സാധനങ്ങൾ കൈവശം വെക്കുന്നവർക്ക് – 100 ദിർഹം പിഴ.
  • പെട്ടന്ന് തീപ്പിടിക്കുന്നതിനു സാധ്യതയുള്ള സാധനങ്ങൾ കൈവശം വെക്കുന്നതിന് – 100 ദിർഹം പിഴ.
  • ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ളവർ ഉൾപ്പടെയുള്ള യാത്രികർക്കായി മാറ്റിവെച്ചിരിക്കുന്ന സീറ്റുകളിൽ ഇരിക്കുന്നവർക്ക് – 100 ദിർഹം പിഴ.
  • പൊതുഗതാഗതത്തിനുള്ള ബസുകളിൽ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുന്നവർക്കും, ചൂയിങ്ങ് ഗം ഉപയോഗിക്കുന്നവർക്കും – 200 ദിർഹം പിഴ.
  • പൊതുഗതാഗതത്തിനുള്ള ബസുകളിൽ പുകവലിക്കുന്നവർക്ക് – 200 ദിർഹം പിഴ.
  • യാത്രാക്കൂലി നൽകാതെ യാത്ര ചെയ്യുന്നവർക്ക് – 200 ദിർഹം പിഴ.
  • സൈക്കിൾ കൊണ്ട് പോകുന്നതിനുള്ള സംവിധാനങ്ങൾ ഇല്ലാത്ത ബസുകളിൽ സൈക്കിൾ കൊണ്ട് പോകാൻ ശ്രമിക്കുന്നവർക്ക് – 200 ദിർഹം പിഴ.
  • പൊതുഗതാഗതത്തിനുള്ള ബസുകളിൽ ഉപയോഗിക്കുന്ന ഹാഫിലാത് കാർഡ് മറ്റൊരാൾക്ക് വിൽക്കുകയോ, മറ്റുള്ളവരിൽ നിന്ന് വാങ്ങുകയോ ചെയ്യുന്നവർക്ക് – 500 ദിർഹം പിഴ. ഇത്തരം കാർഡുകൾ നിർബന്ധമായും ITC-യിൽ നിന്ന് നേരിട്ട് വാങ്ങേണ്ടതാണ്.
  • പൊതുഗതാഗതത്തിനുള്ള ബസുകളിൽ സഞ്ചരിക്കുന്ന മറ്റു യാത്രികരുമായി തർക്കിക്കുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യുന്നവർക്ക് – 500 ദിർഹം പിഴ.
  • ബസ് ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന പ്രവർത്തങ്ങളിൽ ഏർപ്പെടുന്നവർക്കും, അവരുമായി തർക്കിക്കുന്നവർക്കും – 500 ദിർഹം പിഴ.