പ്രവാസികൾക്ക് വിസ സ്ക്രീനിംഗ് അപ്പോയിന്റ്മെന്റുകൾ ലളിതമായി ലഭ്യമാക്കുന്നതിനായി യു എ ഇയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) ഒരു പുതിയ സ്മാർട്ട് ഫോൺ ആപ്പ് പുറത്തിറക്കി. ‘SEHA വിസ സ്ക്രീനിംഗ് ആപ്പ്’ ഉപയോഗിച്ച് കൊണ്ട് അബുദാബിയിലെ താമസക്കാർക്ക് SEHA-യുടെ ഡിസീസ് പ്രിവൻഷൻ ആൻഡ് സ്ക്രീനിംഗ് സെന്ററുകളിൽ എളുപ്പത്തിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.
ഈ ആപ്പിന്റെ ആദ്യ ഘട്ടത്തിൽ വ്യക്തിഗത ബുക്കിംഗിന് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് ഇത്തരം ബുക്കിങ്ങുകൾ ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനായായി ഈ ആപ്ലിക്കേഷൻ വിപുലീകരിക്കുന്നതാണ്.
വിസ മെഡിക്കൽ സ്ക്രീനിംഗ് നടപടികൾക്കായി നേരിട്ട് എത്തുന്നതിന് പകരം മുൻകൂർ ബുക്കിംഗ് ഉറപ്പാക്കുന്നതിലൂടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും, നടപടിക്രമണങ്ങൾ ലളിതമാക്കുന്നതിനും, പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും SEHA ലക്ഷ്യമിടുന്നു. എമിറേറ്റിലുടനീളം 12 ഡിസീസ് പ്രിവൻഷൻ ആൻഡ് സ്ക്രീനിംഗ് സെന്ററുകൾ ഉള്ളതിനാൽ, സ്മാർട്ട്ഫോൺ അടിസ്ഥാനമാക്കിയുള്ള അപ്പോയിന്റ്മെന്റ് സേവനം ബുക്കിംഗ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നു.
ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ എന്നിവ വഴി iOS, Android ഫോണുകളിൽ SEHA വിസ സ്ക്രീനിംഗ് ആപ്പ് ലഭ്യമാണ്. അബുദാബിയിലെ താമസക്കാർ അവരുടെ വിസ ലഭിക്കുന്നതിനും പുതുക്കുന്നതിനും മുമ്പായി ഡിസീസ് പ്രിവൻഷൻ ആൻഡ് സ്ക്രീനിംഗ് സെന്ററുകൾ സന്ദർശിക്കേണ്ടതുണ്ട്. നേരത്തെ ഇത്തരം സേവനങ്ങൾക്കായി ഉപഭോക്താക്കൾ വാക്ക്-ഇൻ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നത്. എന്നാൽ പുതിയ ആപ്പ് ഉപയോഗിച്ച് കൊണ്ട് താമസക്കാർക്ക് അവർക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാവുന്നതാണ്.
WAM