എമിറേറ്റിലെ അനധികൃത വില്പനക്കാർക്കെതിരെ നിയമനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. 2024 ഫെബ്രുവരി 20-നാണ് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ പ്രചാരണ പരിപാടിയിലൂടെ എമിറേറ്റിൽ ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന വ്യാപാരികൾ, തെരുവോര കച്ചവടക്കാർ എന്നിവരെ കണ്ടെത്തുന്നതിന് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നു. പെർമിറ്റുകളില്ലാതെ പ്രവർത്തിക്കുന്ന തെരുവോര കച്ചവടക്കാർ മുന്നോട്ട് വെക്കുന്ന അപകടങ്ങളെക്കുറിച്ച് സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തികൾക്കിടയിൽ അവബോധം വളർത്തുന്നതും ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
ഉപഭോക്താക്കളുടെ സുരക്ഷ, നൽകുന്ന സേവനത്തിന്റെ ഗുണനിലവാരം എന്നിവ മുൻനിർത്തി വാണിജ്യപ്രവർത്തനങ്ങൾ നിയമങ്ങളും, ചട്ടങ്ങളും പാലിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന വില്പനക്കാരിൽ നിന്ന് സേവനങ്ങൾ സ്വീകരിക്കരുതെന്ന് എമിറേറ്റിലെ നിവാസികളോട് മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: @AbuDhabi_ADM.