അബുദാബി: എമിറേറ്റിലെ ശബ്ദത്തിൻ്റെ അളവ് രേഖപ്പെടുത്തുന്ന പദ്ധതിയുമായി EAD

featured GCC News

എമിറേറ്റിലുടനീളമുള്ള ശബ്ദത്തിൻ്റെ അളവ് രേഖപ്പെടുത്തുന്നതിനും, ഉയർന്ന തോതിലുള്ള ശബ്ദ സ്രോതസ്സുകൾ കണ്ടെത്തുന്നതിനുമുള്ള ഒരു പദ്ധതി ആരംഭിച്ചതായി അബുദാബി എൻവയോൺമെൻ്റ് ഏജൻസി (EAD) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ശബ്ദമലിനീകരണം ഏറ്റവും കൂടുതൽ ബാധിച്ച റെസിഡൻഷ്യൽ ജില്ലകളെ കണ്ടെത്തുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ശബ്ദമലിനീകരണം മൂലം ഓരോ ജില്ലയിലും ഉണ്ടായ ആഘാതം വിലയിരുത്താനും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഒരു മാപ്പ് തയ്യാറാക്കാനും ഈ സംരംഭം സഹായിക്കുന്നതാണ്.

ഈ വിവരം ഉപയോഗിച്ച് കൊണ്ട് വിവിധ വകുപ്പുകളുമായി സഹകരിച്ച് താൽക്കാലികവും ശാശ്വതവുമായ ലഘൂകരണ നടപടികൾ വികസിപ്പിക്കുമെന്ന് EAD പരിസ്ഥിതി ഗുണനിലവാര മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ അൽ ഹമ്മദി പറഞ്ഞു. 10-ലധികം സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഒരു നോയ്‌സ് കമ്മിറ്റി ഇതിനായി രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഈ പദ്ധതിയുടെ കണ്ടെത്തലുകൾ ഉപയോഗിച്ച് കൊണ്ട് ഈ നോയ്‌സ് കമ്മിറ്റി മുന്നോട്ടുള്ള പാത നിർണ്ണയിക്കുന്നതിനും, ശബ്ദം ലഘൂകരിക്കാൻ ഓരോ സ്ഥാപനത്തെയും സഹായിക്കുന്നതിനുള്ള സംരംഭങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന ശബ്ദമുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിലൂടെ, ആരോഗ്യ അധികാരികൾക്ക് ആരോഗ്യപരമായ അപകടസാധ്യതകൾ വിലയിരുത്താനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കഴിയുന്നതാണ്.