അബുദാബി: ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു

featured GCC News

എമിറേറ്റിലെ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിടുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് (ART) പദ്ധതി അബുദാബി ഐലൻഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. 2023 ഒക്ടോബർ 12-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഈ സേവനം യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിൽ ലഭ്യമാക്കിയിരുന്നു. നിലവിൽ ഈ പദ്ധതിയുടെ പൈലറ്റ് ഘട്ടം അൽ റീം മാൾ മുതൽ മറീന മാൾ വരെ സേവനം ലഭ്യമാക്കുന്ന രീതിയിലാണ് അബുദാബി നഗരത്തിൽ ആരംഭിച്ചിരിക്കുന്നത്.

സായിദ് ദി ഫസ്റ്റ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന രീതിയിലാണ് അബുദാബി ഐലൻഡിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 27 കിലോമീറ്റർ നീളത്തിൽ 25 സ്റ്റേഷനുകൾ ഉപയോഗിച്ചാണ് ഈ സേവനം നൽകുന്നത്.

ആദ്യ ഘട്ടത്തിൽ വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. സ്മാർട്ട് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് അബുദാബി ART പദ്ധതി നടപ്പിലാക്കുന്നത്. പൂർണ്ണമായും ശീതീകരിച്ച മൂന്ന് കാരിയേജുകളുള്ള ഇലക്ട്രിക് വാഹനമാണ് ART പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്. ഓരോ യാത്രയിലും 200 പേർക്ക് വീതം ഈ വാഹനത്തിൽ സഞ്ചരിക്കാവുന്നതാണ്.

Cover Image: Abu Dhabi Media Office.