ഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ജൂലൈ 15-ന് രാവിലെയാണ് ITC ഇക്കാര്യം അറിയിച്ചത്.
2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ജൂലൈ 24, ശനിയാഴ്ച്ച വരെയാണ് DARB ടോൾ ഒഴിവാക്കി നൽകുന്നത്. ജൂലൈ 24-ലെ ടോൾ ബാധകമാക്കുന്ന കാലത്ത് 7 മണി മുതൽ ഈ ഫീ ഈടാക്കുന്നതാണ്.
എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ജൂലൈ 24, ശനിയാഴ്ച്ച രാവിലെ 7.59 വരെ പാർക്കിംഗ് ഫീ ഈടാക്കില്ലെന്നും ITC അറിയിച്ചിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ M18 പാർക്കിംഗ് ഇടത്തിലും അവധി ദിനങ്ങളിൽ പാർക്കിംഗ് സൗജന്യമാക്കിയിട്ടുണ്ട്.
ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ ശ്രദ്ധയോടെ വാഹങ്ങൾ കൈകാര്യം ചെയ്യാൻ പൊതുജനങ്ങളോട് ITC ആഹ്വാനം ചെയ്തു. പാർക്കിങ്ങിന് അനുമതിയില്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും ITC ആവശ്യപ്പെട്ടിട്ടുണ്ട്. റസിഡന്റ് പാർക്കിംഗ് സമയക്രമങ്ങൾ (ദിനവും രാത്രി 9 മുതൽ രാവിലെ 8 വരെ) പാലിക്കാനും ITC ആവശ്യപ്പെട്ടു.
പൊതുഗതാഗത ബസുകൾ വെള്ളിയാഴ്ച്ചകളിലെയും, അവധിദിനങ്ങളിലെയും സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുന്നതാണ്. ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത്, ഓരോ ദിവസവും പ്രധാന റൂട്ടുകളിൽ 100 അധിക സർവീസുകൾ ഏർപ്പെടുത്തിയതായും ITC വ്യക്തമാക്കി. ഡൽമ ഐലൻഡിനും ജബൽ അൽ ധന്ന പോർട്ടിനും ഇടയിലുള്ള ഫെറി സർവീസുകളും, സാദിയത് ഐലൻഡിനും അൽ അലിഅ ഐലൻഡിനും ഇടയിലുള്ള ഫെറി സർവീസുകളും തുടരുമെന്നും ITC കൂട്ടിച്ചേർത്തു.
ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ജൂലൈ 23, വെള്ളിയാഴ്ച്ച വരെ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്.
Cover Photo: WAM