വിദേശ രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2021 ജൂലൈ 1 മുതൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കുന്നത് സംബന്ധിച്ച് അധികൃതർ പദ്ധതികൾ തയ്യാറാക്കുന്നതായി സൂചിപ്പിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബുദാബി കൾച്ചർ ആൻഡ് ടൂറിസത്തിന് കീഴിലുള്ള ടൂറിസം ആൻഡ് മാർക്കറ്റിംഗ് എക്സികുട്ടീവ് ഡയറക്ടർ അലി അൽ ശൈബയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അറേബ്യൻ ട്രാവൽ മാർട്ട് 2021-ൽ, എമിറേറ്റിലെ ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ അറിയിക്കുന്നതിനിടയിലാണ് അധികൃതർ ജൂലൈ 1 മുതൽ അന്താരാഷ്ട്ര സന്ദർശകർക്ക് ക്വാറന്റീൻ കൂടാതെ എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി, ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഉൾപ്പടെ, മുഴുവൻ സന്ദർശകർക്കും ക്വാറന്റീൻ ഒഴിവാക്കുന്നതിനെ കുറിച്ച് അധികൃതർ ആലോചിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇത് നടപ്പിലാക്കുന്നതിനായി, ക്വാറന്റീൻ ഒഴിവാക്കി കൊണ്ട്, സന്ദർശകർ അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്ന രാജ്യത്തെ കൊറോണ വൈറസ് സാഹചര്യങ്ങൾക്കനുസരിച്ച് അവർക്ക് വിവിധ തരത്തിലുള്ള PCR മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കുന്നതായി അൽ ശൈബ അറിയിച്ചതായാണ് സൂചന. നിലവിൽ ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അബുദാബി ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്.