അബുദാബി: മെയ് 3 മുതൽ വിദേശത്ത് നിന്നെത്തുന്നവരുടെ യാത്രാ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തുന്നു

featured GCC News

2021 മെയ് 3, തിങ്കളാഴ്ച്ച മുതൽ വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള പൗരന്മാരുടെയും, പ്രവാസികളുടെയും യാത്രാ നിബന്ധനകൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരുടെ ക്വാറന്റീൻ നടപടികൾ, PCR ടെസ്റ്റിംഗ് നിബന്ധനകൾ എന്നിവയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

മെയ് 2-ന് രാത്രിയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം വിദേശത്ത് നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് മെയ് 3 മുതൽ ബാധകമാകുന്ന യാത്രാ നിർദ്ദേശങ്ങൾ:

  • COVID-19 വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത ശേഷം ചുരുങ്ങിയത് 28 ദിവസം പൂർത്തിയാക്കിയ യു എ ഇ പൗരന്മാർ, അബുദാബി റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്കാണ് ഈ നിബന്ധന ബാധകം. ഇവർക്ക് COVID-19 വാക്സിൻ സ്റ്റാറ്റസ് ‘Alhosn’ ആപ്പിൽ നിർബന്ധമാണ്.
  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് മെയ് 3 മുതൽ ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നല്ലാതെ മറ്റു രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ അഞ്ച് ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം നാലാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.

COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ ഏറ്റവും പുതുക്കിയ പട്ടിക (2021 ഏപ്രിൽ 25-ന് പ്രസിദ്ധീകരിച്ചത്) http://pravasidaily.com/abu-dhabi-updates-green-list-of-covid-19-safe-countries-from-april-25-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടില്ലാത്തവർക്ക് മെയ് 3 മുതൽ ബാധകമാകുന്ന യാത്രാ നിർദ്ദേശങ്ങൾ:

  • ഈ നിബന്ധനകൾ COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്ത മുഴുവൻ പൗരന്മാർക്കും, അബുദാബി റെസിഡൻസി വിസകളുള്ള പ്രവാസികൾക്കും ബാധകമാണ്.
  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാതെ, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് മെയ് 3 മുതൽ ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും, പന്ത്രണ്ടാം ദിനത്തിലും വീണ്ടും COVID-19 PCR ടെസ്റ്റുകൾ നടത്തേണ്ടതാണ്.
  • COVID-19 വാക്സിൻ കുത്തിവെപ്പുകളുടെ മുഴുവൻ ഡോസുകളും സ്വീകരിക്കാത്തവർ, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നല്ലാതെ മറ്റു രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ പത്ത് ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം എട്ടാം ദിനത്തിൽ മറ്റൊരു COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്.