അബുദാബി: ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ടാക്സികളുടെ സേവനം അൽ റീം, അൽ മരിയാ ഐലൻഡുകളിലേക്ക് വ്യാപിപ്പിക്കുന്നു

featured GCC News

ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ടാക്സികളുടെ സേവനം അൽ റീം, അൽ മരിയാ ഐലൻഡുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു. 2025 ജൂലൈ 29-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

സ്വയം പ്രവർത്തിക്കുന്ന ഡ്രൈവറില്ലാത്ത വാഹന സാങ്കേതികവിദ്യകളിൽ ആഗോളതലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിറൈഡ് എന്ന കമ്പനിയുമായി ചേർന്നാണ് അബുദാബി മൊബിലിറ്റി ഈ സേവനങ്ങൾ നൽകുന്നത്. യൂബർ, തവസ്സുൽ ട്രാൻസ്‌പോർട് എന്നിവരുമായി സഹകരിച്ചാണ് ഈ പദ്ധതി പ്രാദേശികമായി നടപ്പിലാക്കുന്നത്.

അബുദാബി സ്മാർട്ട് ട്രാൻസ്‌പോർട് നയത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതോടെ അബുദാബിയിലെ അമ്പത് ശതമാനത്തോളം പ്രധാന മേഖലകളിൽ ഇത്തരം ടാക്സി സേവനം ലഭ്യമാക്കിയതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

20240-ഓടെ എമിറേറ്റിലെ 25% ട്രിപ്പുകളും ഇത്തരം സ്മാർട്ട് ട്രാൻസ്‌പോർട് സംവിധാനങ്ങളിലൂടെയാക്കുന്നതിനുള്ള നയത്തിനോട് ചേർന്ന് നിൽക്കുന്നതാണ് ഈ തീരുമാനം. അൽ സാദിയത്, യാസ് ഐലൻഡ് എന്നിവിടങ്ങളിലും, സായിദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള റൂട്ടുകളിലും നിലവിൽ ഇത്തരം ഡ്രൈവറില്ലാ ടാക്‌സികളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.