വാണിജ്യ സ്ഥാപനങ്ങളുടെ അരികിൽ താത്കാലിക ഔട്ഡോർ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം നൽകുന്നതിനായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. സിറ്റി മുനിസിപ്പാലിറ്റി സെന്ററുമായി ചേർന്നാണ് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഈ പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്.
വ്യാപാരശാലകൾ, ഭക്ഷണശാലകൾ, കഫെ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളുടെ പുറത്തും, സമീപത്തുള്ള വഴി അരികുകളിലും താത്കാലിക ഔട്ഡോർ സീറ്റിംഗ് ഒരുക്കുന്നതിന്റെ വ്യവസ്ഥകൾ മുനിസിപ്പാലിറ്റി ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ചട്ടങ്ങൾ കർശനമായി പാലിക്കാൻ ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി മുനിസിപ്പാലിറ്റി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്:
- ഇത്തരം ഔട്ഡോർ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിനായി പെർമിറ്റുകൾ നിർബന്ധമാണ്. ഇത്തരം പെർമിറ്റുകൾക്കായി TAMM സംവിധാനത്തിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
- ഇത്തരം പെർമിറ്റുകൾ ലഭിക്കുന്നതിന് കെട്ടിട ഉടമയിൽ നിന്നുള്ള സമ്മതപത്രം, ചുരുങ്ങിയത് ആറ് മാസത്തെ സാധുതയുള്ള ലീസ് എഗ്രിമെന്റ് എന്നിവ ഉണ്ടായിരിക്കണം.
- അപേക്ഷകൾ ലഭിച്ച ശേഷം സിറ്റി മുനിസിപ്പാലിറ്റി സെന്റർ അധികൃതർ സ്ഥലം പരിശോധിക്കുന്നതും, ഔട്ഡോർ സീറ്റിംഗ് ഇടത്തിന്റെ വിസ്തൃതി അനുസരിച്ച് ഫീസ് നിശ്ചയിക്കുന്നതുമാണ്.
- ഈ ഫീസിനൊപ്പം 10000 ദിർഹം റീഫൻഡബിൾ ഡെപ്പോസിറ്റ് കെട്ടിവെക്കേണ്ടതാണ്.
- അനുവദിക്കപ്പെടുന്ന പെർമിറ്റുകൾക്ക് ഒരുവർഷത്തെ സാധുത ഉണ്ടായിരിക്കും. ഇത് ആവശ്യമെങ്കിൽ പുതുക്കാവുന്നതാണ്.
- മുനിസിപ്പാലിറ്റിക്ക് ഇത്തരം അപേക്ഷകൾ നിരസിക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കും.
- ഇത്തരം പെർമിറ്റ് അപേക്ഷകൾക്കൊപ്പം ഈ ഔട്ഡോർ ഇടങ്ങളിൽ കസേര, മേശ, മറ്റു ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന രീതി (മുനിസിപ്പൽ മാനദണ്ഡങ്ങൾ പ്രകാരം) രേഖപെടുത്തുന്ന ഒരു രേഖാചിത്രം സമർപ്പിക്കേണ്ടതാണ്.
- ഇത്തരം പെർമിറ്റുകൾ TAMM സംവിധാനത്തിലൂടെ ആവശ്യമെങ്കിൽ റദ്ദ് ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ റീഫൻഡബിൾ ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതാണ്.
അനുമതി കൂടാതെ ഇത്തരം ഔട്ഡോർ സീറ്റിംഗ് ഒരുക്കുന്ന സ്ഥാപനങ്ങൾക്ക് 5000 ദിർഹം പിഴ ചുമത്തുന്നതാണ്. പെർമിറ്റ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾ പെർമിറ്റിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിന് 3000 ദിർഹം പിഴ ചുമത്തുന്നതാണ്.
Cover Image: Abu Dhabi Municipality.