യു എ ഇയിൽ വെച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത ഓരോ സന്ദർശകനും വേണ്ടി പത്ത് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന പ്രഖ്യാപനം അബുദാബി പരിസ്ഥിതി ഏജൻസി (EAD) വിജയകരമായി നടപ്പിലാക്കി. 2024 ഏപ്രിൽ 1-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
‘ഘർസ് അൽ ഇമാറാത്ത്’ (യുഎഇ നടീൽ സംരംഭം) എന്ന ഒരു പ്രത്യേക പരിപാടിയിലൂടെയാണ് EAD ഈ പ്രതിജ്ഞ നിറവേറ്റിയത്. ഈ പദ്ധതിയുടെ ഭാഗമായി അബുദാബിയുടെ വിവിധ തീരപ്രദേശങ്ങളിൽ ഏതാണ്ട് 850000 കണ്ടൽ മരങ്ങളാണ് EAD-യുടെ നേതൃത്വത്തിൽ നട്ട് പിടിപ്പിച്ചത്.
കണ്ടൽ മരങ്ങൾ ഏറ്റവും മികച്ച രീതിയിൽ വളരുന്നതിന് അനുയോജ്യമായ ഇടങ്ങളാണ് ഇതിനായി EAD തിരഞ്ഞെടുത്തത്. മറവഹ് മറൈൻ ബയോസ്ഫിയർ റിസേർവ്, അൽ മിർഫ സിറ്റി, ജുബൈൽ ഐലൻഡ് തുടങ്ങിയ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഈ സംരംഭത്തിലൂടെ അന്തരീക്ഷത്തിൽ നിന്ന് ഏതാണ്ട് 170 ടൺ കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബി കാലാവസ്ഥാ വ്യതിയാന തന്ത്രത്തിന്റെയും, അബുദാബി കണ്ടൽക്കാടുകളുടെ സംരക്ഷണ സംരംഭത്തിന്റെയും ഭാഗമായാണ്, H.H. ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഇത്തരം ഒരു സംരംഭം നടപ്പിലാക്കിയത്.
സുസ്ഥിരത വർഷത്തിന്റെ ഭാഗമായി, കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കുന്നത് പോലെയുള്ള സാങ്കേതിക വിദ്യകൾ ഈ പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്തിയിരുന്നു. ഉയർന്ന ഉൽപ്പാദനക്ഷമതയ്ക്ക് പേരുകേട്ട കണ്ടൽക്കാടുകൾ, ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യാനും കാർബൺ സംഭരിക്കാനും ഉള്ള കഴിവിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്ന സുപ്രധാന തീരദേശ ആവാസവ്യവസ്ഥയാണ്. യു എ ഇയിലെ കണ്ടൽക്കാടുകളിൽ ഭൂരിഭാഗവും (85%) അബുദാബിയിലാണ്.
Cover Image: Abu Dhabi Media Office.