ട്രാഫിക് പിഴ തുകകളിൽ 35 ശതമാനം വരെ ഇളവ് നേടാവുന്ന ഒരു പ്രത്യേക പദ്ധതി സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി. ഈ പദ്ധതി പ്രകാരം, ട്രാഫിക് പിഴ ചുമത്തപ്പെട്ട തീയതി മുതൽ 2 മാസത്തിനിടയിൽ അവ അടച്ച് തീർക്കുന്നവർക്ക് പിഴ തുകകളിൽ 35 ശതമാനം വരെ ഇളവ് നേടാവുന്നതാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പിഴതുകകൾ ഒരു വർഷത്തിനകം അടച്ച് തീർക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു. ഈ അവസരം ഉപയോഗപ്പെടുത്താൻ അബുദാബി പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും, ട്രാഫിക് പിഴ തുകകൾ സമയബന്ധിതമായി അടച്ച് തീർക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇത്തരം ഒരു പദ്ധതിയെന്ന് അബുദാബി ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹുമൈരി അറിയിച്ചിട്ടുണ്ട്.