എമിറേറ്റിലെ റോഡുകളിൽ നടക്കുന്ന ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിൽ 2024 ഓഗസ്റ്റ് 1, വ്യാഴാഴ്ച മുതൽ മാറ്റം വരുത്തുന്നതായി അബുദാബി പോലീസ് അറിയിച്ചു. 2024 ജൂലൈ 30-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത് പ്രകാരം 2024 ഓഗസ്റ്റ് 1 മുതൽ അബുദാബിയിലെ റോഡുകളിൽ നടക്കുന്ന നിസാരമായ കണക്കാക്കാവുന്ന റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി 999 എന്ന നമ്പർ ഉപയോഗിക്കരുതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിന് പകരമായി ഇത്തരം ചെറിയ അപകടങ്ങൾ ‘Saaed’ മൊബൈൽ ആപ്പ് ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
ചെറിയ വാഹനാപകടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ‘Saaed’ ആപ്പ് ഉപയോഗിച്ച് കൊണ്ട് സുഗമമായി റിപ്പോർട്ട് ചെയ്യാമെന്നും, ഇതിന് ഏതാനം മിനിറ്റുകൾ മാത്രമേ വേണ്ടിവരൂ എന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടികൾ താഴെ പറയുന്ന രീതിയിൽ പൂർത്തിയാക്കാവുന്നതാണ്:
- നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ ആദ്യ പടിയായി പെട്ടന്ന് തന്നെ റോഡിൽ നിന്ന് സുരക്ഷിതമായ ഇടങ്ങളിലേക്ക് നീക്കം ചെയ്യേണ്ടതാണ്.
- തുടർന്ന് ‘Saaed’ ആപ്പ് ഉപയോഗിച്ച് അപകടം റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഈ ആപ്പ് ആപ്പിൾ, ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ലഭ്യമാണ്.
- ഇതിനായി ആദ്യം ‘Saaed’ ആപ്പ് തുറക്കേണ്ടതും, അതിലെ ഹോം സ്‌ക്രീനിൽ തന്നെയുള്ള ‘റിപ്പോർട്ട് ആക്സിഡന്റ്’ എന്ന മെനു ക്ലിക്ക് ചെയ്യേണ്ടതുമാണ്.
- തുടർന്ന് മൊബൈൽ നമ്പർ എന്റർ ചെയ്യേണ്ടതാണ്. ഇതോടെ അപകടം ഉണ്ടായ സ്ഥലം മൊബൈൽ ഫോണിന്റെ നിലവിലെ ലൊക്കേഷൻ ഉപയോഗിച്ച് ആപ്പ് സ്വയമേവ കണ്ടെത്തുന്നതാണ്.
- ആക്സപ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കുക.
- അപകടം നടന്ന സ്ഥലം മാപ്പിൽ കാണിക്കുന്നത് പരിശോധിച്ച് സ്ഥിരീകരിക്കുക.
- തുടർന്ന് അപകടത്തിന്റെ സ്വഭാവം തിരഞ്ഞെടുക്കുക. അപകടത്തിനിടയാക്കിയ വ്യക്തിയുടെ വിവരം നൽകുക.
- ഡ്രൈവർ ലൈസൻസ്, വാഹനത്തിന്റെ രജിസ്‌ട്രേഷൻ എന്നീ രേഖകൾ അപ്‌ലോഡ് ചെയ്യുക. ഇതിനായി ഈ രേഖകളുടെ ക്യാമറയിൽ എടുത്ത ഫോട്ടോ, അല്ലെങ്കിൽ സോഫ്റ്റ് കോപ്പി എന്നിവ ഉപയോഗിക്കാം.
- ലൈസൻസ് പ്ലേറ്റ് നമ്പർ നൽകുക.
- വാഹനത്തിന് പറ്റിയ അപകടത്തെക്കുറിച്ചുള്ള വിവരം വാഹനത്തിന് വന്നിട്ടുള്ള നാശനഷ്ടങ്ങളുട ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്യുക. കേടുപാടുകൾ പറ്റിയ ഭാഗങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ‘Done’ എന്ന ബട്ടൺ അമർത്തി നടപടികൾ പൂർത്തിയാക്കുക
മേൽപ്പറഞ്ഞ നടപടികൾ പൂർത്തിയാകുന്നതോടെ സ്ഥിരീകരണം, ആക്സിഡന്റ് റിപ്പോർട്ട് എന്നിവ താമസിയാതെ ഫോണിലേക്ക് ലഭിക്കുന്നതാണ്.