എമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ച് അബുദാബി പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. 2023 ഫെബ്രുവരി 12-നാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പ് ആവർത്തിച്ചത്.
അബുദാബിയിൽ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് താഴെ പറയുന്ന ശിക്ഷാ നടപടികൾ നേരിടേണ്ടിവരുന്നതാണെന്ന് ഈ അറിയിപ്പിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
- 1000 ദിർഹം പിഴ
- 12 ബ്ലാക്ക് പോയിന്റ്
- റെഡ് സിഗ്നൽ ലംഘിക്കുന്നത് വാഹനം പിടിച്ചെടുക്കപ്പെടാവുന്ന നിയമലംഘനമാണ്. 30 ദിവസത്തേക്കാണ് വാഹനങ്ങൾ പിടിച്ചെടുക്കപ്പെടുന്നത്.
- ഇത്തരത്തിൽ റെഡ് സിഗ്നൽ ലംഘിക്കുന്നതിന് വാഹനം പോലീസ് പിടിച്ചെടുക്കുകയാണെങ്കിൽ അത് വിട്ടുകിട്ടുന്നതിനായി 50000 ദിർഹം പിഴയായി അടക്കേണ്ടതാണ്.
- മൂന്ന് മാസത്തിനകം ഇത്തരം വാഹനങ്ങൾ പിഴയൊടുക്കി തിരിച്ചെടുക്കാത്ത പക്ഷം അവ ലേലം ചെയ്യുന്നതാണ്.
- 6 മാസത്തേക്ക് ലൈസൻസ് റദ്ദ്ചെയ്യുന്നതാണ്.
വാഹനങ്ങൾ ഓടിക്കുന്നവരുടെ അശ്രദ്ധയും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണ്. അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിങ്ങിനെ മൂന്ന് പ്രധാന കാരണങ്ങളാണ്, നാല്ക്കവലകളിലും മറ്റും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നത്.