എമിറേറ്റിൽ കേടുപാടുകളുള്ള ടയറുകൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും, വാഹനങ്ങൾ 7 ദിവസം പിടിച്ച് വെക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇത് കൂടാതെ, ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപെടുന്നവർക്ക് 4 ബ്ലാക്ക് പോയിന്റ് ചുമത്തുന്നതാണ്.
വാഹനങ്ങളിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നത് ഡ്രൈവർമാരുടെയും, റോഡിലെ മറ്റു യാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം ടയറുകൾ വലിയ അപകടങ്ങൾക്ക് കരണമാകാമെന്ന് അധികൃതർ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. ഇത് സംബന്ധിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായി ഇത്തരം കാലാവധി അവസാനിച്ച ടയറുകൾ ഉപയോഗിക്കുന്നത് മൂലം റോഡിൽ അപകടങ്ങൾ സംഭവിക്കുന്നതിന്റെ ഒരു വിഡീയോ ദൃശ്യം അധികൃതർ പങ്ക് വെച്ചിട്ടുണ്ട്.
തേയ്മാനം വന്നതും, കേടുപാടുകൾ ഉള്ളതുമായ ടയറുകൾ വേനൽ ചൂടിൽ അപകടങ്ങൾക്ക് വളരെയധികം കരണാമാകാറുണ്ടെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. യു എ ഇയിലെ വേനലിൽ, അന്തരീക്ഷ താപനില 45 ഡിഗ്രിയിൽ കൂടുതൽ ആകുമ്പോൾ ഇത്തരം ടയറുകളുടെ ഉപയോഗം സ്വാഭാവികമായും അപകടങ്ങൾ വിളിച്ച് വരുത്തുന്നതാണ്. സ്വന്തം സുരക്ഷയ്ക്കും, റോഡിലെ മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാകുന്ന ഈ പ്രവർത്തി ഒഴിവാക്കാൻ ജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തു.
അപകടങ്ങൾ ഒഴിവാക്കുന്നതിനായി, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകൾ പഴകിയതും, കേടുപാടുകൾ ഉള്ളതും അല്ലെന്ന് ഉറപ്പിക്കാനും, കൃത്യമായ അളവിൽ കാറ്റ് നിറച്ചിട്ടുണ്ടെന്ന് നിരന്തരം പരിശോധിച്ചുറപ്പിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വാഹനങ്ങൾക്കും അനുയോജ്യമായ അംഗീകൃത വലിപ്പത്തിലുള്ള ടയറുകൾ ഉപയോഗിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കേടുപാടുകളുള്ളതും, വാഹനങ്ങൾക്ക് ചേരാത്തതുമായ ടയറുകളുടെ ഉപയോഗം വാഹനങ്ങൾ മറിയുന്നതിന് കരണമാകാവുന്നതാണ്.