എമിറേറ്റിലെ റോഡുകളിൽ മഴ, മൂടൽമഞ്ഞ് എന്നിവ അനുഭവപ്പെടുന്ന അവസരത്തിൽ വാഹനങ്ങൾ ഓടിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അബുദാബിയിലെ പ്രധാന റോഡുകളിലും, ഉൾറോഡുകളിലും മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് എന്നിവ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഡ്രൈവർമാർ ശ്രദ്ധ പുലർത്തണമെന്നും, വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
നവംബർ 19-ന് വൈകീട്ടാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ മറ്റു വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് കൊണ്ട് വാഹനങ്ങൾ ഉപയോഗിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
വാഹനങ്ങൾ റോഡുകളിലേക്ക് ഇറക്കുന്നതിന് മുൻപ് കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നതിനും അബുദാബി പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എമിറേറ്റിലെ റോഡുകളിലെ ഇലക്ട്രോണിക് റോഡ് സൈൻ ബോർഡുകളിലെ വേഗപരിധി, ജാഗ്രതാ നിർദ്ദേശങ്ങൾ എന്നിവ കർശനമായി പാലിക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.