എമിറേറ്റിലെ റോഡുകളിൽ സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. 2023 മാർച്ച് 6-ന് അബുദാബി പോലീസ് ഇത് സംബന്ധിച്ച ഒരു അറിയിപ്പ് നൽകിയിട്ടുണ്ട്.
കാൽനടക്കാർ റോഡുകളിൽ ഇങ്ങിനെ അശ്രദ്ധമായി പെരുമാറുന്നത് അവരുടെയും, മറ്റുള്ളവരുടെയും ജീവനു ഭീഷണിയുണ്ടാക്കുന്നതാണെന്നും പൊതുജനങ്ങൾ ഇത്തരം നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും പോലീസ് ആഹ്വാനം ചെയ്തു. ഇത്തരത്തിൽ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നത് മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങളുടെ ദൃശ്യങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പ് നൽകിയത്.
അബുദാബിയിൽ ഇത്തരത്തിൽ റോഡ് മുറിച്ച് കടക്കുന്നത് 400 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി. രാജ്യത്തെ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 89 പ്രകാരമാണ് ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്.
റോഡ് മുറിച്ച് കടക്കുന്നതിനായി പ്രത്യേകം അനുമതി നൽകിയിട്ടുള്ള ഇടങ്ങളിലൂടെ മാത്രം റോഡുകൾ മുറിച്ച് കടക്കാനും, പെഡസ്ട്രിയൻ ടണലുകൾ, കാൽനടക്കാർക്കുള്ള മേൽപ്പാലങ്ങൾ മുതലായവ ഉള്ള ഇടങ്ങളിൽ അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും പോലീസ് കാൽനടക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കവലകളിൽ റോഡ് മുറിച്ച് കടക്കുന്ന അവസരത്തിൽ ട്രാഫിക് ലൈറ്റുകളിലെ കാൽനടക്കാർക്കുള്ള സിഗ്‌നലുകൾ കൃത്യമായി പാലിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പദയാത്രികരുടെ സുരക്ഷ വകവെക്കാതെ വാഹനമോടിക്കുന്നവർക്ക് അഞ്ഞൂറ് ദിർഹം പിഴ ചുമത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം നിയമലംഘനങ്ങൾക്ക് പിഴയ്ക്ക് പുറമെ, ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ചുമത്തുന്നതാണ്.
റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി പദയാത്രികരുടെ സുരക്ഷയ്ക്കായി ജാഗ്രത പുലർത്താൻ വാഹനമോടിക്കുന്നവരോട് പലപ്പോഴായി അബുദാബി പോലീസ് നേരത്തെ ആഹ്വാനം ചെയ്തിട്ടുണ്ട്. കാല്‍നടക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായുള്ള ഇടങ്ങളിലും, ഉൾറോഡുകളിലും, വ്യവസായ മേഖലകളിലും, പാര്‍പ്പിടങ്ങളുള്ള ഇടങ്ങളിലും വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കാനും, പദയാത്രികർക്ക് മുൻഗണന നൽകാനും ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: WAM.