അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിനു (DCT) കീഴിലുള്ള എമിറേറ്റിലെ ഏതാനം പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. അബുദാബിയിലെ തിരഞ്ഞെടുത്ത മ്യൂസിയങ്ങളിലും, മറ്റു സാംസ്കാരിക കേന്ദ്രങ്ങളിലും സന്ദർശകരുടെയും, ജീവനക്കാരുടെയും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഏർപ്പെടുത്തിയതായി DCT നേരത്തെ അറിയിച്ചിരുന്നു.
അബുദാബി നഗരത്തിൽ ഖസ്ർ അൽ ഹൊസൻ, കൾച്ചറൽ ഫൗണ്ടേഷന്റെ സാംസ്കാരിക കേന്ദ്രങ്ങൾ, ലൂവർ അബുദാബി എന്നിവയും, അൽ ഐനിൽ ഖസ്ർ അൽ മുവൈജി, അൽ ജാഹിലി ഫോർട്ട്, അൽ ഐൻ പാലസ് മ്യൂസിയം, അൽ ഐൻ ഒയാസിസ് മേഖല എന്നിവയുമാണ് ആദ്യ ഘട്ടത്തിൽ സന്ദർശകർക്കായി തുറന്നു കൊടുത്തിട്ടുള്ളത്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടും, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലുകളോടും കൂടിയാണ് ഈ കേന്ദ്രങ്ങൾ സന്ദർശകരെ സ്വീകരിക്കുന്നത്
എമിറേറ്റിലെ നിവാസികളുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സാംസ്കാരിക കേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് കൊടുക്കുന്നതെന്ന്, DCT അണ്ടർസെക്രട്ടറി സഊദ് അൽ ഹോസാനി ഏതാനം ദിവസങ്ങൾക്ക് മുൻപ് വിവിധ കേന്ദ്രങ്ങളിലെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്ത് സംസാരിക്കുന്നതിനിടയിൽ അഭിപ്രായപ്പെട്ടിരുന്നു. ലോക്ക്ഡൌൺ കാലയളവിൽ എമിറേറ്റിലെ ജനങ്ങളിൽ ഉണ്ടായിട്ടുള്ള മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് ഈ കേന്ദ്രങ്ങൾ സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടമാക്കുകയും ചെയ്തു.
ഖസ്ർ അൽ ഹൊസൻ, ലൂവർ അബുദാബി എന്നിവിടങ്ങളിൽ പ്രവേശനത്തിനായി, ഓൺലൈനിലൂടെ മുൻകൂറായി ടിക്കറ്റുകൾ എടുക്കേണ്ടതാണ്. ലൂവർ അബുദാബി രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെയായിരിക്കും പ്രവർത്തിക്കുക (തിങ്കൾ അവധി). മറ്റു കേന്ദ്രങ്ങൾ രാവിലെ 10 മുതൽ 7 വരെയായിരിക്കും (വെള്ളിയാഴ്ച്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ 7 വരെ) സന്ദർശകരെ സ്വീകരിക്കുക.
‘ഫുറുസ്സിയ്യ – ദി ആർട്ട് ഓഫ് ഷിവൽറി ബിറ്റ്വീൻ ഈസ്റ്റ് ആൻഡ് വെസ്റ്റ്’ (Furusiyya – The Art of Chivalry between East and West) എന്നു പേരിട്ടിരിക്കുന്ന, മദ്ധ്യകാലഘട്ടങ്ങളിലെ ഇസ്ലാമിക, ക്രിസ്ത്യൻ സംസ്കാരങ്ങളിലെ ധീരോദാത്തതയുടെ ചിഹ്നങ്ങളായിരുന്ന അശ്വാരൂഢരായ വീരയോദ്ധാക്കളെക്കുറിച്ചുള്ള, പ്രത്യേക എക്സിബിഷൻ ലൂവർ അബുദാബിയിൽ ജൂലൈ 1 മുതൽ ഒക്ടോബർ 18 വരെ നടക്കുന്നതാണ്. ഫെബ്രുവരി 19 മുതൽ മെയ് 30 വരെ നടക്കേണ്ടിയിരുന്ന ഈ പ്രദർശനം, COVID-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇടയ്ക്ക് നിർത്തിവെക്കുകയായിരുന്നു.