മദ്ധ്യകാലഘട്ടങ്ങളിലെ അശ്വാരൂഢരായ ധീരയോദ്ധാക്കളുടെ ജീവിതം അടുത്തറിയാൻ ലൂവർ അബുദാബി അവസരമൊരുക്കുന്നു

Travel Diaries

മദ്ധ്യകാലഘട്ടങ്ങളിലെ ഇസ്ലാമിക, ക്രിസ്ത്യൻ സംസ്കാരങ്ങളിലെ ധീരോദാത്തതയുടെ ചിഹ്നങ്ങളായിരുന്നു അശ്വാരൂഢരായ വീരയോദ്ധാക്കൾ. ചക്രവർത്തിമാരും, രാജാക്കന്മാരും, പ്രഭുക്കളും, പോരാളികളും അടങ്ങുന്ന ഒരു വലിയ സമൂഹം വലിയ യുദ്ധങ്ങളിലൂടെയും, സാഹസികമായ പോരാട്ടങ്ങളിലൂടേയും, പിടിച്ചടക്കലുകളിലൂടെയും രചിച്ച ചരിത്രങ്ങളിലേക്കും ആ കാലഘട്ടത്തിലെ ജീവിതത്തിലേക്കുമുള്ള കാഴ്ച്ചകളുടെയും അറിവുകളുടെയും ഒരു വാതിൽ തുറക്കുകയാണ് ലൂവർ അബുദാബി മ്യൂസിയത്തിൽ. ‘ഫുറുസ്സിയ്യ – ദി ആർട്ട് ഓഫ് ഷിവൽറി ബിറ്റ് വീൻ ഈസ്റ്റ് ആൻഡ് വെസ്റ്റ്’ (Furusiyya – The Art of Chivalry between East and West) എന്നു പേരിട്ടിരിക്കുന്ന ഈ പ്രത്യേക എക്സിബിഷൻ മധ്യകാലഘട്ടത്തിലെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സാംസ്കാരിക രൂപീകരണത്തിന്റെയും സാംസ്‌കാരിക കൈമാറ്റങ്ങളുടെയും നേർകാഴ്ചയൊരുക്കുന്നു.

ലൂവർ അബുദാബി മ്യൂസിയത്തിൽ ഫെബ്രുവരി 19 മുതൽ മെയ് 30 വരെയുള്ള ഈ പ്രത്യേക പ്രദർശനം കലാസൃഷ്‌ടികളിലൂടെയും, അപൂര്‍വ്വമായ കൈയെഴുത്ത് പ്രതികളിലൂടെയും, പ്രബന്ധങ്ങളിലൂടെയും, ആയുധങ്ങളിലൂടെയും, പോരാളികളുടെ യുദ്ധമുന്നണിയിലെ വേഷവിധാനങ്ങളിലൂടെയും ഒരു കാലഘട്ടത്തിലെ വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകളെ സന്ദർശകർക്ക് മുന്നിലെത്തിക്കുന്നു. ആ കാലഘട്ടങ്ങളിലെ പടയോട്ടങ്ങളിലൂടെ ജന്മിത്വത്തിന്റെ ആവശ്യകതയായി ഉയർന്നുവന്ന തികഞ്ഞ അശ്വാഭ്യാസികളായ, പ്രത്യേകമായ മതവിശ്വാസത്തിലും, ധര്‍മ്മനിഷ്‌ഠകളിലും, ധാർമ്മിക മൂല്യങ്ങളിലും അടിയുറച്ച് നിലകൊണ്ടിരുന്ന പോരാളിവർഗ്ഗത്തിന്റെ കഥകൂടിയാണ് ഈ പ്രദർശനം.

ഈ സമ്പ്രദായങ്ങളുടെ ഉത്‌പത്തി, മദ്ധ്യകാലഘട്ടത്തിലെ യൂറോപ്പിലും പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും നിലനിന്നിരുന്ന മൂല്യങ്ങളുടെ വികാസവും പരിണാമവും മുതലായവയെല്ലാം രണ്ടാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ടുവരേയുള്ള കാലഘട്ടത്തിലെ നൂറ്റിമുപ്പത്തിലധികം അത്യപൂർവമായ കലാസൃഷ്‌ടികളിലൂടെ ഈ പ്രദർശനത്തിൽ വിശകലനം ചെയ്യുന്നു. ലൂവർ അബുദാബിയും പാരീസിലെ ക്ലൂണി മ്യുസിയവും (Musée de Cluny) ചേർന്നാണ് ഈ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ലൂവർ അബുദാബി മ്യൂസിയം സന്ദർശിക്കാനുള്ള ടിക്കറ്റിൽ തന്നെ ഫെബ്രുവരി 19, ബുധനാഴ്ച്ച ആരംഭിക്കുന്ന ഈ പ്രദർശനവും സന്ദർശകർക്ക് ആസ്വദിക്കാം.

Leave a Reply

Your email address will not be published. Required fields are marked *