എമിറേറ്റിലെ ഹോട്ടലുകൾക്ക് ബാധകമാക്കിയിട്ടുള്ള സർക്കാർ ഫീസുകളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ഇളവുകൾ പ്രഖ്യാപിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകിവരുന്ന ഇളവുകളുടെ ഭാഗമായാണ് ഈ തീരുമാനം. ഇതോടെ ഹോട്ടൽ നിരക്കുകൾ കുറയുന്നതിന് സാധ്യതയുണ്ട്.
ഇതിലൂടെ അബുദാബിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും, വിനോദസഞ്ചാരമേഖലയിലെ ആഗോള തലത്തിലെ ഒരു പ്രധാന കേന്ദ്രമായി അബുദാബിയെ മാറ്റുന്നതിനും DCT ലക്ഷ്യമിടുന്നു.
അബുദാബിയിലെ ഹോട്ടൽ, ടൂറിസം മേഖലയിലെ സർക്കാർ ഫീസുകളിൽ താഴെ പറയുന്ന ഇളവുകളാണ് DCT പ്രഖ്യാപിച്ചിരിക്കുന്നത്:
- ഹോട്ടലുകളിലെ ഓരോ മുറികൾക്കും പ്രതിദിനാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന 15 ദിർഹം മുനിസിപ്പാലിറ്റി ഫീസ് ഒഴിവാക്കും.
- ഹോട്ടലിലെ താമസക്കാർക്ക് ചുമത്തിയിരുന്ന ടൂറിസം ഫീസ് 6 ശതമാനത്തിൽ നിന്ന് 4 ശതമാനമാക്കി കുറയ്ക്കും.
- ഹോട്ടലുകളിലെ റസ്റ്ററന്റുകളിൽ ചുമത്തിയിരുന്ന 6 ശതമാനം ടൂറിസം ഫീസ്, 4 ശതമാനം മുനിസിപ്പാലിറ്റി ഫീസ് എന്നിവ ഒഴിവാക്കും.
ഈ മാറ്റങ്ങൾ 2023 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. എന്നാൽ ഹോട്ടലുകളിലെ ഉപഭോക്താക്കളുടെ ഇൻവോയ്‌സ് തുകയിൽ ഏർപ്പെടുത്തിയിരുന്ന 4 ശതമാനം മുനിസിപ്പാലിറ്റി ഫീസ് തുടരുന്നതാണെന്ന് DCT വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Abu Dhabi Media Office.