അബുദാബി: രാത്രികാല യാത്രാ നിയന്ത്രണങ്ങളിലെ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി റഡാറുകൾ പ്രവർത്തനക്ഷമമാക്കും

featured UAE

2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി എമിറേറ്റിലെ റഡാർ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് റഡാറുകൾ ഉപയോഗിച്ച് പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.

യാത്രാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപായി അബുദാബി പോലീസിൽ നിന്ന് ദിനംപ്രതിയുള്ള പ്രത്യേക അറിയിപ്പുകൾ ഉണ്ടാകില്ലെന്നും, അതിനാൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഴുവൻ ജനങ്ങളും ജാഗ്രത പുലർത്തണമെന്നും പോലീസ് കൂട്ടിച്ചേർത്തു. ജൂലൈ 18-ന് രാത്രിയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിറേറ്റിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ദിനവും രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെ യാത്രാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്. ജൂലൈ 19 മുതൽ ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെ അണുനശീകരണ പ്രവർത്തനങ്ങളും, ശുചീകരണ നടപടികളും നടപ്പിലാക്കുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ജൂലൈ 15-ന് രാത്രി അറിയിച്ചിരുന്നു.

ജൂലൈ 19 മുതൽ ഏർപ്പെടുത്തുന്ന ദിനംതോറുമുള്ള അഞ്ച് മണിക്കൂർ കർഫ്യു സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, പൊതുഗതാഗതം എന്നിവ അനുവദിക്കുന്നതല്ല. കർഫ്യു കാലയളവിൽ പൊതുജനങ്ങൾ തങ്ങളുടെ വീടുകളിൽ തുടരണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.