അബുദാബി: ഓഗസ്റ്റ് 20 മുതൽ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനം

featured GCC News

2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ ഏതാനം പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ജൂൺ 28-ന് രാത്രിയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിറേറ്റിൽ വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിൽ ഏതാണ്ട് 93 ശതമാനത്തോളം പേർക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം. ഈ തീരുമാന പ്രകാരം, അബുദാബിയിൽ 2021 ഓഗസ്റ്റ് 20 മുതൽ താഴെ പറയുന്ന ഇടങ്ങളിലേക്ക് വാക്സിനെടുത്തിട്ടുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുന്നത്:

  • ഷോപ്പിംഗ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ.
  • റെസ്റ്ററന്റുകൾ, കഫെ.
  • ജിം.
  • വിനോദ കേന്ദ്രങ്ങൾ.
  • കായികവിനോദ കേന്ദ്രങ്ങൾ.
  • വാണിജ്യ കേന്ദ്രങ്ങൾക്ക് പുറത്തുള്ള ചില്ലറവില്പനശാലകൾ. (ഫാർമസി, ചെറുകിട സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്ക് ബാധകമല്ല)
  • ഹെൽത്ത് ക്ലബ്.
  • റിസോർട്ട്.
  • മ്യൂസിയം, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങൾ.
  • തീം പാർക്കുകൾ.
  • യൂണിവേഴ്സിറ്റികൾ, പഠനകേന്ദ്രങ്ങൾ.
  • സ്കൂൾ, നഴ്സറി.

ആരോഗ്യ കാരണങ്ങളാൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിന് ബുദ്ധിമുട്ടുകളുള്ളവർ (ഇവർ നടപടിക്രമങ്ങൾ അനുസരിച്ച് ഈ ഇളവ് ഔദ്യോഗികമായി നേടിയിരിക്കണം; അൽ ഹൊസൻ ആപ്പിൽ ഈ സ്റ്റാറ്റസ് അടയാളപ്പെടുത്തിയിരിക്കണം), 15 വയസിന് താഴെ പ്രായമുള്ള കുട്ടികൾ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.

അതേസമയം, രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായുള്ള നൂതന EDE COVID-19 സ്കാനറുകൾ 2021 ജൂൺ 28 മുതൽ എമിറേറ്റിലെ കൂടുതൽ ഇടങ്ങളിൽ ഏർപ്പെടുത്താൻ തീരുമാനിച്ചിതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.

Cover Photo: WAM