എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരിൽ, അൽഹൊസൻ ആപ്പിലെ രേഖകൾ പ്രകാരം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക്, എമിറേറ്റിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ നിർബന്ധമാക്കിയിട്ടുള്ള PCR ടെസ്റ്റ് ഒഴിവാക്കി നൽകുമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) വ്യക്തമാക്കി. അബുദാബിയിലേക്ക് പ്രവേശിക്കുന്ന വേളയിൽ തന്നെ ചെക്ക്പോയിന്റുകളിൽ അൽഹൊസൻ ആപ്പിൽ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി കാണിക്കുന്ന ഗോൾഡ് സ്റ്റാർ അല്ലെങ്കിൽ E ചിഹ്നം ഹാജരാക്കുന്നവർക്ക് മാത്രമാണ് ഈ പരിശോധനാ നടപടികളിൽ ഇളവ് അനുവദിക്കുന്നത്.
മാർച്ച് 9, ചൊവ്വാഴ്ച്ചയാണ് ADPHC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. അബുദാബിയിലേക്ക് തിരികെ എത്തുന്ന നിവാസികൾക്കും, സന്ദർശകർക്കും എമിറേറ്റിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ PCR ടെസ്റ്റ് നിർബന്ധമാണ്.
ഈ നടപടികളിലാണ് ഇപ്പോൾ വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായും, ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായും വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് അബുദാബി ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇവർ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന വേളയിൽ തന്നെ വാക്സിൻ സ്വീകരിച്ചിട്ടുള്ളതായി തെളിയിക്കുന്നതിനുള്ള രേഖ അൽഹൊസൻ ആപ്പിൽ ഹാജരാക്കേണ്ടതാണ്.
വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായി കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കുന്നതോടെ അൽഹൊസൻ ആപ്പിൽ ഒരു ഗോൾഡ് സ്റ്റാർ സ്റ്റാറ്റസ് ലഭിക്കുന്നതാണ്. ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് അൽഹൊസൻ ആപ്പിൽ E എന്ന സ്റ്റാറ്റസ് ലഭിക്കുന്നതാണ്. എന്നാൽ ഈ E സ്റ്റാറ്റസ് നിലനിർത്തുന്നതിനായി ഓരോ ഏഴ് ദിവസം തോറും PCR പരിശോധന നടത്തേണ്ടതാണ്.