അബുദാബിയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ വിസ്തൃതി ഉയർത്താൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. 2025 ഒക്ടോബർ 15-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
The UAE President has directed expanding the area covered by the emirate’s nature reserves to 22,821 km2, increasing the Zayed Network of Nature Reserves to 26 sites, safeguarding ecosystems and supporting the National Biodiversity Strategy 2031. pic.twitter.com/omYibyBj81
— مكتب أبوظبي الإعلامي (@ADMediaOffice) October 15, 2025
അബുദാബിയിലെ പ്രകൃതി സംരക്ഷിത മേഖലകളുടെ വിസ്തൃതി എമിറേറ്റിലെ ആകെ വിസ്തൃതിയുടെ 20 ശതമാനത്തിലേക്കെത്തിക്കുന്നതിനാണ് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വേൾഡ് കൺസേർവഷൻ കോൺഗ്രസ് 2025-ന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
എമിറേറ്റിലെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും, ആവാസവ്യവസ്ഥകളുടെ സുസ്ഥിരത നിലനിർത്തുന്നതിനും അബുദാബി മുന്നോട്ട് വെക്കുന്ന പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ തീരുമാനം. പരിസ്ഥിതി സംരക്ഷണത്തിനായി ആഗോളതലത്തിൽ അബുദാബി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.
ഇതിന്റെ ഭാഗമായി നിർമ്മിക്കുന്ന പുതിയ നിയുക്ത പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല അബുദാബി എൻവിറോണ്മെന്റ് ഏജൻസിയെയാണ് (EAD) ഏൽപ്പിച്ചിരിക്കുന്നത്. 4581 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് ഇത് നടപ്പിലാക്കുന്നത്.
ഈ പുതിയ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളെ സായിദ് പ്രൊട്ടക്ടഡ് ഏരിയാസ് നെറ്റ്വർക്കിലേക്ക് ഉൾപ്പെടുത്തുന്നതാണ്. നിലവിൽ ഈ ശൃംഖലയിൽ 13 ഭൗമ സംരക്ഷിത ആവാസവ്യവസ്ഥകളും, 6 മറൈൻ സംരക്ഷിത പ്രദേശങ്ങളും ഉൾപ്പെടുന്നു.
ഈ പുതിയ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ നിലവിൽ വരുന്നതോടെ ആകെ ഇത്തരം മേഖലകളുടെ എണ്ണം 26 ആകുന്നതാണ്. ഇവയുടെ ആകെ വിസ്തൃതി 22821 സ്ക്വയർ കിലോമീറ്റർ ആയി മാറുന്നതാണ്.
അൽ വത്ബ ഫോസിൽ ഡ്യൂൺസ് റിസർവ്, ലിവ ഗ്രൗണ്ട് വാട്ടർ റിസർവോയർ റിസർവ്, ഗാഫ് നാച്ചുറൽ റിസർവ് എന്നിങ്ങനെ മൂന്ന് പുതിയ ഭൗമ സംരക്ഷിത കേന്ദ്രങ്ങളും, അബു അൽ അബ്യാദ് മറൈൻ റിസർവ്, സർ ബനി യാസ് ആൻഡ് ഡസേർട്ട് ഐലൻഡ്സ് മറൈൻ റിസർവ് എന്നിങ്ങനെ രണ്ട് പുതിയ മറൈൻ സംരക്ഷിത കേന്ദ്രങ്ങളും ഈ തീരുമാനത്തിന്റെ ഭാഗമായി നിലവിൽ വരുന്നതാണ്. ഇതോടൊപ്പം ഖസ്ർ അൽ സറാബ് റിസർവ്, റാസ് ഘനാദ മറൈൻ റിസർവ് എന്നിവയുടെ വിസ്തൃതി കൂട്ടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
എമിറേറ്റിലെ ആവാസവ്യവസ്ഥകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നതിന് അബുദാബി എൻവിറോണ്മെന്റ് ഏജൻസി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ആവാസവ്യവസ്ഥയുടെ നഷ്ടം, കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമല്ലാത്ത ഉപയോഗം, മറ്റു സാമൂഹിക, സാമ്പത്തിക ഘടകങ്ങൾ തുടങ്ങിയ നിലവിലുള്ള ജൈവവൈവിധ്യ വെല്ലുവിളികളെ പരിഗണിക്കുന്ന രീതിയിലാണ് ഈ പുതിയ നയം നടപ്പിലാക്കുന്നത്.
Cover Image: Abu Dhabi Media Office.

