യു എ ഇയിലെ വാരാന്ത്യങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം:അബുദാബിയിലെ സർക്കാർ മേഖലയിൽ ശനി, ഞായർ അവധി

UAE

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2021 ഡിസംബർ 7-ന് ഉച്ചയ്ക്കാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ പൊതു മേഖലയിലെ പ്രവർത്തനരീതി ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതിയിലേക്ക് മാറ്റാനുള്ള യു എ ഇ സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അബുദാബി ഇത് നടപ്പിലാക്കുന്നത്. രാജ്യത്തെ ഫെഡറൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷവും, ശനി, ഞായർ എന്നീ ദിവസങ്ങളും അവധിയായിരിക്കുമെന്ന് യു എ ഇ സർക്കാർ ഡിസംബർ 7-ന് അറിയിച്ചിരുന്നു.

അബുദാബി മീഡിയ ഓഫീസ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, യു എ ഇ സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, എമിറേറ്റിലെ പൊതുമേഖലയിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും ശനി, ഞായർ ദിനങ്ങൾ അവധിയായിരിക്കുമെന്നും, വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റിലെ പൊതു മേഖലയിലെ ഓഫീസുകൾ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തിക്കുന്നതാണ്. വെള്ളിയാഴ്ച്ചകളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് പ്രവർത്തനസമയം.

ദുബായ് സർക്കാരും സമാനമായ അറിയിപ്പ് നൽകിയിട്ടുണ്ട്. വാണിജ്യ പ്രവർത്തനങ്ങൾക്കും, സാമ്പത്തിക പുരോഗതിക്കും ഏറ്റവും മികച്ച ഇടമായി യു എ ഇയെ മാറ്റുന്നത് ലക്ഷ്യമിട്ടുള്ള നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.