യു എ ഇ: 2022 ജനുവരി 1 മുതൽ പൊതു മേഖല സ്ഥാപനങ്ങളിൽ ശനി, ഞായർ അവധിദിനങ്ങൾ; വെള്ളിയാഴ്ച്ച ഉച്ചവരെ മാത്രം

featured GCC News

രാജ്യത്തെ പൊതു മേഖലയിലെ പ്രവർത്തനരീതി ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതിയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു. 2021 ഡിസംബർ 7, ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് യു എ ഇ സർക്കാർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, രാജ്യത്തെ ഫെഡറൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷവും, ശനി, ഞായർ എന്നീ ദിവസങ്ങളും അവധിയായിരിക്കും. ഇതോടെ ദേശീയ പ്രവർത്തിദിനങ്ങൾ ആഴ്ച്ച തോറും നാലര ദിവസങ്ങളാക്കി നിശ്ചയിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി യു എ ഇ മാറുന്നതാണ്.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പൊതു മേഖലയിലെ പ്രതിവാര പ്രവർത്തി ദിനങ്ങൾ തിങ്കളാഴ്ച്ച ആരംഭിച്ച് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് അവസാനിക്കുന്നതാണ്. ദിനവും എട്ടരമണിക്കൂർ എന്ന രീതിയിൽ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ പൊതുമേഖലയിലെ ഓഫീസുകൾ പ്രവർത്തിക്കുന്നതാണ്. വെള്ളിയാഴ്ച്ചകളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് (നാലര മണിക്കൂർ) പ്രവർത്തനസമയം.

ജീവനക്കാർക്ക് വെള്ളിയാഴ്ച്ചകളിൽ ഫ്ലെക്സിബിൾ വർക്ക് അല്ലെങ്കിൽ വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഇടയിൽ ഉത്‌പാദനക്ഷമത ഉയർത്തുന്നതിനും, ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ, ജീവിതം എന്നിവ കൂടുതൽ സംതുലിതമായി നിറവേറ്റുന്നതിന് സഹായിക്കുന്നതിനും വാരാന്ത്യത്തിന്റെ ദൈർഘ്യം കൂട്ടുന്നതിനുള്ള ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.

ഈ തീരുമാനത്തോടൊപ്പം രാജ്യത്തുടനീളം വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ ഉച്ചയ്ക്ക് 1.15-ന് (വർഷം മുഴുവൻ) ശേഷമാക്കി നിജപ്പെടുത്തിയതായും സർക്കാർ അറിയിച്ചിട്ടുണ്ട്.