പ്രവാസികൾ, റെസിഡൻസി സ്റ്റാറ്റസ് ഇല്ലാത്ത വിദേശികൾ, പൗരന്മാർ മുതലായവരിൽ മികച്ച തൊഴിൽ നൈപുണ്യമുള്ളവർക്ക് കരാറടിസ്ഥാനത്തിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന ഫ്രീലാൻസർ ലൈസൻസുകൾ അനുവദിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) പ്രഖ്യാപിച്ചു. പുതിയതായി അനുവദിക്കുന്ന ഈ ലൈസൻസിന് എമിറേറ്റിലെ 48 വിവിധ വാണിജ്യ പ്രവർത്തന മേഖലകളിൽ സാധുത ഉണ്ടായിരിക്കുമെന്നും ADDED കൂട്ടിച്ചേർത്തു.
ഇത്തരം ലൈസൻസുകൾ നേടുന്നതിനായി പ്രാദേശിക സേവനദാതാക്കളുടെയോ, യു എ ഇ പൗരന്മാരുടെയോ, ഇടനിലക്കാരുടെയോ സഹായം ആവശ്യമില്ലെന്നും ADDED അറിയിച്ചിട്ടുണ്ട്. വിവിധ തൊഴിൽ മേഖലകളിൽ വിദഗ്‌ധരായവർക്ക്, തങ്ങളുടെ തൊഴിൽ നിപുണത തെളിയിക്കുന്ന രേഖകൾ ഉപയോഗിച്ച് ഇത്തരം ഫ്രീലാൻസർ ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്. ഇത്തരം ലൈസൻസുകൾ ലഭിക്കുന്നവർക്ക് പ്രത്യേക ഓഫീസുകൾ കൂടാതെ തങ്ങളുടെ വീടുകളിൽ നിന്നോ, മറ്റു അംഗീകൃത ഇടങ്ങളിൽ നിന്നോ ജോലി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതാണ്. നേരത്തെ ഇത്തരം ലൈസൻസുകൾ യു എ ഇ പൗരന്മാർക്ക് മാത്രമാണ് അനുവദിച്ചിരുന്നത്.
നിലവിൽ പൊതു മേഖലയിലോ, സ്വകാര്യ മേഖലയിലോ തൊഴിലെടുക്കുന്ന പ്രവാസികൾ, അവർ തൊഴിലെടുക്കുന്ന മേഖലയിൽ തന്നെയാണ് ഫ്രീലാൻസർ ലൈസൻസിന് അപേക്ഷിക്കുന്നതെങ്കിൽ, അപേക്ഷയോടൊപ്പം നിലവിലെ തൊഴിലുടമയിൽ നിന്നുള്ള സമ്മതപത്രം ഹാജരാക്കേണ്ടതാണ്. ഇത്തരം ലൈസൻസുകൾ നേടുന്നവർക്ക് അതിനു കീഴിൽ റെസിഡൻസി വിസകൾക്ക് അപേക്ഷിക്കാനുള്ള അവസരം ലഭിക്കുന്നതാണെന്നും ADDED അറിയിച്ചു.
ഫാഷൻ ഡിസൈനിംഗ്, ഫോട്ടോഗ്രാഫി സ്റ്റുഡിയോ, ഇവന്റ് ഫോട്ടോഗ്രാഫി, ഇവന്റ് മാനേജ്‌മന്റ്, വിഡിയോഗ്രാഫി, ജ്വല്ലറി ഡിസൈൻ, വെബ് ഡിസൈനിംഗ്, പ്രൊജക്റ്റ് ഡിസൈനിംഗ് ആൻഡ് മാനേജ്മെന്റ് സേവനങ്ങൾ, പരിഭാഷ, ഡ്രോയിങ്ങ്, മാർക്കറ്റിംഗ് ഓപ്പറേഷൻസ് മാനേജ്‌മന്റ് തുടങ്ങിയ നാല്പത്തെട്ടോളം വാണിജ്യ പ്രവർത്തങ്ങൾ ഈ പുതിയ തീരുമാനപ്രകാരം എമിറേറ്റിൽ ഫ്രീലാൻസ് ലൈസൻസിന് കീഴിൽ നടത്താവുന്നതാണെന്ന് ADDED വ്യക്തമാക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോൺസൾട്ടൻസി, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കോൺസൾട്ടൻസി, ലീഗൽ കോൺസൾട്ടൻസി, പബ്ലിക് റിലേഷൻസ്, റിയൽ എസ്റ്റേറ്റ്, ടൂറിസം, ഹ്യൂമൻ റിസോഴ്സ്സ് തുടങ്ങിയ മേഖലകളും ഇതിനു കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://adbc.gov.ae എന്ന വിലാസത്തിൽ ലഭ്യമാണ്.
അബുദാബിയിലെ തൊഴിൽ മേഖലയിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും, തൊഴിൽപരമായ വൈവിധ്യം ഉറപ്പാക്കുന്നതിനും ഈ തീരുമാനം ലക്ഷ്യമിടുന്നു. ഇത് നിലവിൽ വരുന്നതോടെ എമിറേറ്റിലെ തൊഴിൽ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, വിദ്യാർത്ഥികൾ, വീട്ടമ്മമാർ, ഉദ്യോഗത്തിൽ നിന്ന് വിരമിച്ചവർ തുടങ്ങിയവർക്ക് തങ്ങളുടേതായ വരുമാനമാർഗങ്ങൾ ഉറപ്പാക്കാനും കഴിയുമെന്നാണ് ADDED കണക്കാക്കുന്നത്.
എമിറേറ്റിലെ സ്ഥാപനങ്ങൾക്ക്, അബുദാബിയിൽ നിലവിൽ ലഭ്യമായ തൊഴിൽ പരിജ്ഞാനം, തൊഴിൽ പാടവം എന്നിവ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഈ തീരുമാനം സഹായകമാകുന്നതാണ്. നിലവിൽ തൊഴിലില്ലാത്തവർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകുന്നതിനും, തൊഴിലുള്ളവർക്ക്, തങ്ങളുടെ ജോലി സമയത്തിന് ശേഷം തങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി അധിക വരുമാനം നേടുന്നതിനും ഫ്രീലാൻസർ ലൈസൻസുകൾ സഹായകമാണ്.