എമിറേറ്റിൽ ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള ഡെലിവറി റൈഡേഴ്‌സ് ഹബ് പദ്ധതി 2023 സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി, ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു. ഈ പദ്ധതിയുടെ പ്രാരംഭഘട്ടമാണ് 2023 സെപ്റ്റംബറിൽ നടപ്പിലാക്കുന്നത്.
അബുദാബിയിലെ ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്ക് സുരക്ഷിതമായി വിശ്രമിക്കുന്നതിനുള്ള കേന്ദ്രം എന്ന രീതിയിലാണ് ഡെലിവറി റൈഡേഴ്‌സ് ഹബ് ഒരുക്കുന്നത്. ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുള്ള തണൽ, എ സി, കുടിക്കാനുള്ള വെള്ളം മുതലായ സൗകര്യങ്ങൾ ഇത്തരം കേന്ദ്രങ്ങളിൽ ലഭ്യമായിരിക്കും.
അബുദാബിയിലെ പൊതു, സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരം സൗകര്യങ്ങൾ വേനൽക്കാലങ്ങളിൽ ഉൾപ്പടെ ഈ മേഖലയിലെ ജീവനക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉറപ്പ് വരുത്തുന്നു.
E25 സ്ട്രീറ്റിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പ്രദേശത്ത് കൂടുതലായുള്ള റെസ്റ്ററന്റുകൾ, കഫേകൾ എന്നിവ കണക്കിലെടുത്താണിത്. ഒരേസമയം 10 മുതൽ 15 പേർക്ക് വരെ വിശ്രമിക്കാവുന്ന രീതിയിലാണ് ഈ പദ്ധതിയുടെ പ്രാരംഭഘട്ടം രൂപകൽപന ചെയ്യുന്നത്.
Cover Image: Abu Dhabi Media Office.