എമിറേറ്റിലെ മര്‍മ്മപ്രധാനമായ മേഖലകളിലെ സ്വകാര്യ ജീവനക്കാർക്ക് ഓരോ രണ്ടാഴ്ച്ച തോറും COVID-19 PCR ടെസ്റ്റുകൾ നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു. എന്നാൽ ഈ PCR ടെസ്റ്റുകൾ ഇനി മുതൽ സൗജന്യമായിരിക്കുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
മാർച്ച് 22-ന് രാത്രിയാണ് കമ്മിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്. എമിറേറ്റിലെ വൈറസ് വ്യാപനം തടയുന്നതിനായാണ് മര്‍മ്മപ്രധാനമായ മേഖലകളിലും, സേവന മേഖലകളിലും തൊഴിലെടുക്കുന്നവർക്ക് രണ്ടാഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത്.
2021 ജനുവരി മുതൽ എമിറേറ്റിലെ ഇത്തരം മേഖലകളിലെ സ്വകാര്യ ജീവനക്കാർക്ക് 14 ദിവസം തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതുവരെ ഇത്തരം ടെസ്റ്റുകൾക്ക് ആവശ്യമായി വന്നിരുന്ന ചെലവുകൾ ജീവനക്കാരാണ് വഹിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഈ ടെസ്റ്റുകൾ സൗജന്യമായി നൽകുമെന്നാണ് കമ്മിറ്റി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
മാർച്ച് 28 മുതൽ രാജ്യത്തെ അഞ്ച് വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓരോ രണ്ടാഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കമ്മിറ്റി ഇത്തരം ഒരു തീരുമാനം അറിയിച്ചത്.