2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ജൂലൈ 19 മുതൽ ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെയാണ് അണുനശീകരണ പ്രവർത്തനങ്ങളും, ശുചീകരണ നടപടികളും നടപ്പിലാക്കുന്നത്.
ജൂലൈ 15-ന് രാത്രിയാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ജൂലൈ 19 മുതൽ ഏർപ്പെടുത്തുന്ന ദിനംതോറുമുള്ള അഞ്ച് മണിക്കൂർ കർഫ്യു സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, പൊതുഗതാഗതം എന്നിവ അനുവദിക്കുന്നതല്ല. കർഫ്യു കാലയളവിൽ പൊതുജനങ്ങൾ തങ്ങളുടെ വീടുകളിൽ തുടരണമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങൾ, അവശ്യസാധനങ്ങൾ, മരുന്നുകൾ മുതലായവ വാങ്ങുന്നതിനായുള്ള യാത്രകൾ മുതലായ ഘട്ടങ്ങളിൽ മാത്രമാണ് ഈ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കുന്നത്. എന്നാൽ ഇത്തരം യാത്രകൾക്ക് അബുദാബി പോലീസിൽ നിന്നുള്ള മൂവ്മെന്റ് പെർമിറ്റ് നിർബന്ധമായിരിക്കും. https://www.adpolice.gov.ae/en/pages/home.aspx എന്ന വിലാസത്തിൽ നിന്ന് ഇത്തരം പെർമിറ്റ് ലഭിക്കുന്നതാണ്. ഈ വെബ്‌സൈറ്റിൽ ‘Move Permit Request‘ എന്ന ബട്ടണിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. മൊബൈൽ നമ്പർ നൽകിയശേഷം, OTP വെരിഫിക്കേഷൻ പൂർത്തിയാക്കി ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഈ നടപടിയോട് പൂർണമായും സഹകരിക്കാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.