അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് സംവിധാനം ഫെബ്രുവരി 28 മുതൽ ഒഴിവാക്കുന്നു

featured GCC News

യു എ ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് നിബന്ധനകൾ, EDE സ്കാനർ പരിശോധനകൾ എന്നിവ 2022 ഫെബ്രുവരി 28, തിങ്കളാഴ്ച്ച മുതൽ ഒഴിവാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2022 ഫെബ്രുവരി 25-ന് രാത്രി അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

“മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന EDE സ്കാനർ, ഗ്രീൻ പാസ് എന്നിവയുടെ ഉപയോഗം 2022 ഫെബ്രുവരി 28 മുതൽ ഒഴിവാക്കുന്നതിന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകിയിരിക്കുന്നു.”, അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി. എന്നാൽ അബുദാബിയിലെ പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഗ്രീൻ പാസ് നിബന്ധനകൾ തുടരുന്നതാണ്.

എമിറേറ്റിലെ COVID-19 രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം. ഈ സാഹചര്യത്തിൽ ജനജീവിതം സാധാരണ രീതിയിലേക്ക് തിരികെ കൊണ്ട് വരുന്നത് ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.