അബുദാബി: ഡിസംബർ 31 മുതൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കും; ആദ്യ ഘട്ടത്തിൽ എമിറേറ്റിനുള്ളിൽ മാത്രം സർവീസ്

UAE

ഡിസംബർ 31, വ്യാഴാഴ്ച്ച മുതൽ എമിറേറ്റിലെ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ ഈ ബസുകൾ എമിറേറ്റിനുള്ളിൽ മാത്രമായിരിക്കും സേവനങ്ങൾ നൽകുന്നതെന്ന് ITC വ്യക്തമാക്കി.

ഭേദഗതി ചെയ്ത സമയക്രമത്തിനനുസരിച്ചായിരിക്കും അബുദാബിയിലെ ഇന്റർസിറ്റി ബസുകൾ സർവീസ് നടത്തുന്നത്. എമിറേറ്റിലെ വിവിധ നഗരങ്ങൾ തമ്മിലുള്ള ബസ് സർവീസുകളാണ് നിലവിൽ പുനരാരംഭിക്കുന്നതെന്ന് ITC അറിയിച്ചിട്ടുണ്ട്. അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിലേക്കുള്ള ഇന്റർസിറ്റി സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുന്നതാണ്.

കർശനമായ COVID-19 സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ITC തങ്ങളുടെ പൊതു ഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താഴെ പറയുന്ന നിർദ്ദേശങ്ങൾ ഈ സർവീസുകളിൽ നടപ്പിലാക്കുന്നതാണ്:

  • ഡ്രൈവർ ഉൾപ്പടെ മുഴുവൻ യാത്രികർക്കും മാസ്കുകൾ നിർബന്ധമാണ്.
  • ബസുകൾ കൃത്യമായി അണുവിമുക്തമാക്കുന്നതാണ്.
  • പരമാവധി ശേഷിയുടെ 50 ശതമാനം യാത്രികർക്കാണ് ബസുകളിൽ സഞ്ചരിക്കാൻ അനുമതി.
  • സമൂഹ അകലം പാലിക്കണം.
  • തെർമൽക്യാമറകളിലൂടെ ശരീരോഷമാവ് പരിശോധിക്കുന്നതാണ്.

മുഴുവൻ യാത്രികരും, മാസ്കുകളുടെ ഉപയോഗം, മറ്റു മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ നിർബന്ധമായും പാലിക്കേണ്ടതാണ്. ITC-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ, 80088888 എന്ന നമ്പറിൽ നിന്നോ, ITC-യുടെ സ്മാർട്ട് ആപ്പിൽ നിന്നോ (Darb) ഈ ബസുകളുടെ സമയക്രമം അറിയാവുന്നതാണ്.