എക്സ്പോ 2020 ദുബായ്: സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ചുള്ള അറിയിപ്പ്

featured UAE

ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ലോക എക്സ്പോയുടെ വേദിയിലെത്തുന്ന സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് എക്സ്പോ 2020 ദുബായ് അധികൃതർ അറിയിപ്പ് നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

COVID-19 മഹാമാരി ആരംഭിച്ചതിന് ശേഷം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ആഗോള സംഗമത്തിലേക്ക് ദശലക്ഷക്കണക്കിന് സന്ദർശകരെ സ്വാഗതം ചെയ്യാൻ ദുബായ് എക്‌സ്‌പോ 2020 തയ്യാറെടുത്തതോടെ, ദുബായിലെത്തുന്നതിനായി അന്താരാഷ്ട്ര യാത്രികർ പ്രകടമാക്കുന്ന ആവേശം കണക്കിലെടുത്താണ് എക്സ്പോ 2020 അധികൃതർ മെച്ചപ്പെട്ട പ്രവേശന നടപടികൾ പ്രഖ്യാപിച്ചത്. മേളയിലെത്തുന്നവർക്ക് സുരക്ഷിതവും, അസാധാരണവുമായ ഒരു അനുഭവം നൽകുന്നതിനായാണ് അധികൃതർ ഈ സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്തുന്നത്.

ഈ അറിയിപ്പ് പ്രകാരം, എക്സ്പോ 2020 ദുബായ് സന്ദർശകർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്:

  • 18 വയസും അതിൽ കൂടുതലുമുള്ള സന്ദർശകർ അവരുടെ ദേശീയ സർക്കാർ അംഗീകരിച്ച ഏതെങ്കിലും COVID-19 വാക്സിൻ സ്വീകരിച്ചതിന്റെ രേഖകൾ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് PCR റിസൾട്ട് എന്നിവയിലേതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണ്.
  • എക്സ്പോ 2020 ടിക്കറ്റ് കൈവശമുള്ള വാക്സിനെടുക്കാത്തവർക്ക്, അവർ 72 മണിക്കൂറിനുള്ളിൽ PCR ടെസ്റ്റ് നടത്തിയിട്ടില്ലെങ്കിൽ, എക്സ്പോ വേദിയോട് ചേർന്നുള്ള PCR പരിശോധനാ കേന്ദ്രത്തിൽ നിന്ന് ടെസ്റ്റ് നടത്താവുന്നതാണ്.
  • ഇത്തരം യാത്രികർക്ക് PCR പരിശോധന നടത്തുന്നതിനായി നഗരത്തിലുടനീളം ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ ഒരു ശൃംഘല ഒരുക്കുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ എക്സ്പോ 2020 വെബ്‌സൈറ്റിൽ ലഭ്യമാണ്.
  • സാധുതയുള്ള എക്സ്പോ 2020 ദുബായ് ടിക്കറ്റ്, ഒന്ന് അല്ലെങ്കിൽ ഒന്നിലധികം ദിവസത്തേക്കുള്ള എക്സ്പോ പാസ് എന്നിവ കൈവശമുള്ള യാത്രികർക്ക് ഈ PCR ടെസ്റ്റ് ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി ചെയ്യാവുന്നതാണ്.
  • സന്ദർശകർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്.
  • സന്ദർശകർ രണ്ട് മീറ്ററെങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.

“ആഗോള തലത്തിൽ ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായുള്ള പ്രയത്നങ്ങളുടെ മുൻനിരയിൽ യു എ ഇ സ്ഥാനം പിടിച്ചിട്ടുണ്ട്. എക്സ്പോ 2020 ദുബായ് പോലെ ഇത്രയും വലിപ്പമേറിയതും, സാംസ്കാരിക വൈവിധ്യം ഉറപ്പാക്കുന്നതുമായ മറ്റൊരു ആഗോള സംഗമം മഹാമാരിയുടെ നാളുകൾക്ക് ശേഷം ഇതാദ്യമായാണ്. വാക്സിനേഷൻ, ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ പുതുക്കുന്നതിലൂടെ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നെത്തുന്നവർക്കും ഒരു പോലെ സുരക്ഷിതവും അവിശ്വസനീയമായ ഒരു എക്സ്പോ 2020 അനുഭവം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ലോകത്തെ എല്ലാ മനുഷ്യർക്കു മുന്നിലും ഞങ്ങൾ കണ്ടെത്തലിന്റെയും, വിജ്ഞാനത്തിന്റെയും ഒരു പുത്തൻ ലോകം തുറക്കുകയാണ്.”, യു എ ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും, എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറലുമായ റീം ബിന്റ് ഇബ്രാഹിം അൽ ഹാഷെമി വ്യക്തമാക്കി.

“കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ COVID-19 കേസുകളിൽ 84 ശതമാനത്തോളം കുറവുണ്ടായ സാഹചര്യം ഞങ്ങൾ ഏർപ്പെടുത്തിയ സുരക്ഷാ മുന്നൊരുക്കങ്ങളുടെ വിജയമാണ്. ഈ വിജയത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് യു എ ഇയിലേക്കുള്ള വിനോദസഞ്ചാരികളെയും എക്സ്പോ 2020 ദുബായിലേക്കുള്ള സന്ദർശകരെയും സ്വാഗതം ചെയ്യാൻ ഞങ്ങൾ തയ്യാറെടുക്കുന്നത്. യു എ ഇയിലെത്തുന്ന മുഴുവൻ സന്ദർശകരുടെയും, എക്സ്പോയിൽ പങ്കെടുക്കുന്നവരുടെയും, ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. ശാസ്ത്രമേഖലയിലും, മെഡിക്കൽ രംഗത്തും ആഗോളതലത്തിൽ മുൻപന്തിയിലുള്ള വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് ഞങ്ങൾ മുൻകരുതൽ നടപടികൾ രൂപകൽപന ചെയ്യുന്നത്. ഇതിനാൽ ഏറ്റവും സുരക്ഷിതവും, മികച്ചതുമായ ഒരു എക്സ്പോ അനുഭവം ഉറപ്പ് വരുത്താൻ ആകുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്.”, അവർ കൂട്ടിച്ചേർത്തു.

കുടുംബങ്ങളായെത്തുന്ന സന്ദർശകർക്കായി ആസ്വാദനത്തിന്റെ വിശാലമായ ഒരു പുത്തൻ ലോകം കാഴ്ച്ചവെക്കുന്നതിന് ഒരുങ്ങിയിരിക്കുകയാണ് എക്സ്പോ 2020 ദുബായ് വേദി.

എക്സ്പോ 2020 ദുബായ് സംഘടിപ്പിക്കപ്പെടുന്ന അടുത്ത ആറ് മാസത്തെ കാലയളവിൽ യാത്രികർക്കിടയിൽ ലോകത്തിലെ ഏറ്റവും മുൻനിരയിലുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി മാറുന്നതിന് യു എ ഇ തയ്യാറെടുക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസി പ്രത്യേകം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുള്ളത്.

WAM