എക്സ്പോ 2020 ദുബായ്: യാത്രികർക്ക് ഏറ്റവും പ്രിയപ്പെട്ട അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി മാറാൻ യു എ ഇ തയ്യാറെടുക്കുന്നു

Business featured

എക്സ്പോ 2020 ദുബായ് സംഘടിപ്പിക്കപ്പെടുന്ന അടുത്ത ആറ് മാസത്തെ കാലയളവിൽ യാത്രികർക്കിടയിൽ ലോകത്തിലെ ഏറ്റവും മുൻനിരയിലുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി മാറുന്നതിന് യു എ ഇ തയ്യാറെടുക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസി പ്രത്യേകം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുള്ളത്.

ഇതിന്റെ ഭാഗമായി പ്രാദേശിക ഹോട്ടൽ മേഖല COVID-19 മഹാമാരിയുടെ കാലയളവിന് മുൻപ് രേഖപ്പെടുത്തിയിരുന്ന റിസർവേഷൻ നിരക്കുകൾ വീണ്ടെടുത്തതായും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന മൊത്തം യാത്രക്കാരുടെ എണ്ണം 2021 ഓഗസ്റ്റിൽ 2.5 മില്യണിലധികം വർദ്ധിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) വെളിപ്പെടുത്തിയിട്ടുണ്ട്. 2020 ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 207 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് GCAA നൽകിയ 2021 ഓഗസ്റ്റിലെ ദേശീയ എയർ ട്രാഫിക് സ്ഥിതിവിവര കണക്കുകൾ പ്രകാരം, 45953 ഫ്ലൈറ്റുകളാണ് ഈ കാലയളവിൽ രാജ്യത്തേക്ക് സർവീസ് നടത്തിയിട്ടുള്ളത്. കൊറോണ വൈറസ് മഹാമാരി തടയുന്നതിനായി യു എ ഇ നടപ്പിലാക്കിയ പ്രതിരോധ നടപടികൾ, ആഗോളതലത്തിൽ പകർച്ചവ്യാധി തുടരുന്ന സാഹചര്യത്തിലും, ഒരു സുരക്ഷിത യാത്രാ ലക്ഷ്യസ്ഥാനമെന്ന നിലയിൽ യു എ ഇയെ എടുത്തുകാട്ടുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

സെപ്റ്റംബർ 13 വരെ 79.3 ശതമാനം ജനങ്ങൾക്ക് പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് നൽകിക്കൊണ്ട് വാക്സിൻ വിതരണ നിരക്കിന്റെ അടിസ്ഥാനത്തിൽ യു എ ഇ രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലാണ്. രാജ്യത്ത് ആദ്യ ഡോസ് ലഭിച്ചവരുടെ ശതമാനം 90.5 എത്തിയിട്ടുണ്ട്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതുൾപ്പടെയുള്ള, യു എ ഇ സർക്കാർ കൈക്കൊണ്ടിട്ടുള്ള നിർണായക തീരുമാനങ്ങളുടെ ഫലമായി രാജ്യത്തെ ടൂറിസം മേഖല അടുത്തിടെ അതിന്റെ സന്തുലിതാവസ്ഥ വീണ്ടെടുത്തിട്ടുണ്ട്. എക്സ്പോ 2020 കാലയളവ് യു എ ഇയുടെ ടൂറിസം മേഖലയ്ക്ക് ഒരു യഥാർത്ഥ വഴിത്തിരിവായിരിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധർ പ്രവചിക്കുന്നു.

ലോകം കാത്തിരിക്കുന്ന എക്സ്പോ 2020 ദുബായിയുടെ ഗംഭീര തുടക്കത്തിന് അടുത്ത ഏതാനം ദിവസങ്ങൾക്കുള്ളിൽ യു എ ഇ സാക്ഷ്യം വഹിക്കുന്നതാണ്. യു എ ഇയെ അടുത്ത ആറ് മാസത്തിനുള്ളിൽ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് എക്സ്പോ 2020 വഴിതെളിക്കുമെന്നത് ഉറപ്പാണ്. സ്വദേശികളും വിദേശികളും ആയി 25 ദശലക്ഷത്തിലധികം സന്ദർശകരെയാണ് ഈ കാലയളവിൽ യു എ ഇ പ്രതീക്ഷിക്കുന്നത്.

എക്സ്പോ 2020 രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ പുരോഗതിയിൽ ഒരു സുപ്രധാന പങ്ക് വഹിക്കുകയും, വ്യോമയാനം, ഗതാഗതം തുടങ്ങി മറ്റ് പല മേഖലകളെയും ഗുണപരമായി ബാധിക്കുകയും ചെയ്യുന്നതാണ്. എക്സ്പോ 2020 ദുബായ് ആരംഭിക്കുന്നതിന് മുൻപ് തന്നെ യു എ ഇയിലെ ഹോട്ടൽ റിസർവേഷനുകൾ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നത് ശുഭസൂചനയാണ്.

WAM

Leave a Reply

Your email address will not be published. Required fields are marked *