ഖത്തർ: ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു

GCC News

ഖത്തറിലെ COVID-19 വാക്സിനേഷന്റെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ആരംഭിച്ചു. രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത്.

ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിൻ കുത്തിവെപ്പുകളെടുത്തിട്ടുള്ള ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പൂർത്തിയാക്കുന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇത് സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 11-ന് പ്രഖ്യാപനം നടത്തിയിരുന്നു.

ഖത്തർ യൂണിവേഴ്സിറ്റിയിലെ മുൻ പ്രസിഡന്റ് ഡോ. അബ്ദുല്ല അൽ ഖുബൈസി സെപ്റ്റംബർ 15-ന് രാജ്യത്തെ ആദ്യ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു. മദിന ഖലീഫ ഹെൽത്ത് സെന്ററിൽ നിന്നാണ് അദ്ദേഹം ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. ഖത്തറിലെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 2020 ഡിസംബർ 23-ന് അൽ വജ്‌ബാ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് അദ്ദേഹം തന്നെയാണ് രാജ്യത്തെ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചത്.

ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ ആദ്യ ഘട്ടത്തിൽ താഴെ പറയുന്നവർക്കാണ് കുത്തിവെപ്പ് നൽകുന്നത്:

  • 65 വയസിന് മുകളിൽ പ്രായമുള്ളവർ.
  • വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ.
  • COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർ.

രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിൽ ബൂസ്റ്റർ ഡോസുകൾ ഏറെ ഫലപ്രദമാണെന്ന പഠന റിപ്പോർട്ടുകളെത്തുടർന്നാണ് ഈ തീരുമാനം. ബൂസ്റ്റർ ഡോസ് വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ളവരെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ (PHCC) നിന്ന് നേരിട്ട് ബന്ധപ്പെടുന്നതാണ്. രണ്ടാം ഡോസ് വാക്സിനെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് PHCC-യിൽ നിന്ന് ബന്ധപ്പെടുന്നില്ലെങ്കിൽ 4027 7077 എന്ന നമ്പറിൽ ബുക്കിങ്ങിനായി വിളിക്കാവുന്നതാണ്.

ഓരോ വ്യക്തിയുടെയും മൂന്നാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സംബന്ധമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഖത്തറിലെ Ehteraz ആപ്പിൽ അടുത്തിടെ മാറ്റം വരുത്തിയിട്ടുണ്ട്.