ദുബായ്: ജനുവരി 3 മുതലുള്ള മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

featured UAE

2022 ജനുവരി ആദ്യം മുതൽ എമിറേറ്റിലെ വാരാന്ത്യദിനങ്ങളിൽ മാറ്റം വരുത്താനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 3 മുതൽ ദുബായ് മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. ഡിസംബർ 26-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2022 ജനുവരി 3 മുതൽ ദുബായിലെ പൊതു ഗതാഗത സംവിധാനങ്ങൾ താഴെ പറയുന്ന സമയക്രമം പാലിച്ചായിരിക്കും പ്രവർത്തിക്കുന്നത്:

ദുബായ് മെട്രോ:

  • തിങ്കൾ മുതൽ വ്യാഴം വരെ – റെഡ്, ഗ്രീൻ ലൈനുകൾ രാവിലെ 5 മുതൽ രാത്രി 1.15 വരെ.
  • വെള്ളി, ശനി ദിനങ്ങൾ – റെഡ്, ഗ്രീൻ ലൈനുകൾ രാവിലെ 5 മുതൽ രാത്രി 2.15 വരെ.
  • ഞായർ – റെഡ്, ഗ്രീൻ ലൈനുകൾ രാവിലെ 8 മുതൽ രാത്രി 1.15 വരെ.

ദുബായ് ട്രാം:

  • തിങ്കൾ മുതൽ ശനി വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
  • ഞായർ – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.

ദുബായ് ബസ്:

പൊതു ജനങ്ങളുടെ ബസ് സർവീസുകളുടെ ആവശ്യകത കണക്കിലെടുത്തായിരിക്കും ആഴ്ച്ചയിൽ മുഴുവൻ ദിവസങ്ങളിലും ദുബായ് ബസ് സർവീസുകൾ ക്രമീകരിക്കുന്നത്.

പൊതു പാർക്കിംഗ്:

പൊതു പാർക്കിങ്ങുമായി ബന്ധപ്പെട്ട നിലവിലെ രീതി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം വെള്ളിയാഴ്ച്ചകളിലും, മറ്റു പൊതു അവധി ദിനങ്ങളിലും പൊതു പാർക്കിംഗ് സൗജന്യമാക്കിയിരിക്കുന്ന രീതി തുടരുന്നതാണ്.

RTA ഓഫീസുകളുടെ പ്രവർത്തനം:

  • RTA മെയിൻ ഓഫീസ് – തിങ്കൾ മുതൽ വെള്ളിവരെ – രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ (വെള്ളിയാഴ്ച്ച – രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെ)
  • RTA ടെക്‌നിക്കൽ ടെസ്റ്റിംഗ് സർവീസ് സെന്ററുകൾ – ഈ ഓഫീസുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള നിലവിലെ പ്രവർത്തന സമയക്രമം തുടരുന്നതാണ്. ശനിയാഴ്ച്ച ഇത്തരം ഓഫീസുകൾ അവധിയായിരിക്കും. വെള്ളിയാഴ്ച്ച വൈകീട്ട് 4 മുതൽ രാത്രി 9 വരെ ഇവ പ്രവർത്തിക്കുന്നതാണ്.
  • RTA കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ – തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 7.30 വരെ. വെള്ളി – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ. ശനി, ഞായർ അവധിദിനങ്ങൾ.

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി ആദ്യം മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കാനും, വാരാന്ത്യദിനങ്ങളിൽ മാറ്റം വരുത്താനുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നത്.