ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് ഉച്ചകോടി: സുസ്ഥിരത ഉറപ്പ് വരുത്തുന്ന പ്രധാന പങ്കാളിയായി യു എ ഇ തുടരുമെന്ന് പ്രസിഡന്റ്

featured UAE

സുസ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനുള്ള ആഗോള മുന്നേറ്റത്തിലെ പ്രധാന, വിശ്വസനീയമായ പങ്കാളിയായി യു എ ഇ തുടരുമെന്ന് പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് ഉച്ചകോടിയിൽ പങ്കെടുത്ത് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മേഖലയിലും, ലോകത്തും സമാധാനവും കൂടുതൽ സുസ്ഥിരതയും കൈവരിക്കുന്നതിനും ആഗോള വെല്ലുവിളികളെ നേരിടുന്നതിനും മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും പങ്കാളികളുമായി ഏകോപിപ്പിക്കുന്നതിനും യു എ ഇ ശ്രദ്ധാലുവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: WAM.

ദേശീയ വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും കൂടുതൽ സംഭാവന നൽകുന്നതിനും ലക്ഷ്യമിട്ടാണ് യു എ ഇയുടെ വിദേശനയം രൂപീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയും, ലോകവും ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ വലുപ്പത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാമെന്ന് അറിയിച്ച അദ്ദേഹം കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ യോജിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പ്രത്യേകം എടുത്ത് കാട്ടി.

സമാധാനവും സംവാദവും സഹവർത്തിത്വവുമാണ് വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വഴിയെന്ന യു എ ഇയുടെ വിശ്വാസം അദ്ദേഹം ഉയർത്തിക്കാട്ടി. മേഖലയിൽ നവോത്ഥാനം കൈവരിക്കുന്നതിനും ആഗോളതലത്തിൽ സജീവമായ പങ്ക് പുനഃസ്ഥാപിക്കുന്നതിനുമായി കൂടുതൽ ഐക്യദാർഢ്യവും സഹകരണവും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘർഷങ്ങളും പിരിമുറുക്കങ്ങളും അവസാനിപ്പിക്കുന്നതിനായി നമ്മുടെ ചരിത്രം ചൂണ്ടിക്കാട്ടുന്നത് പോലെ വിവേകം ഉപയോഗപ്പെടുത്തേണ്ടതിന്റെയും, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെയും, നയതന്ത്ര മാർഗങ്ങളും, പരിഹാരങ്ങളും ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെയും, അങ്ങനെ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും, യുദ്ധങ്ങളും, സംഘർഷങ്ങളും മൂലം ഉണ്ടാകുന്ന മനുഷ്യ കഷ്ടപ്പാടുകൾ തടയേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നൂതന വിദ്യാഭ്യാസ അവസരങ്ങൾ വർധിപ്പിക്കുക, നവീകരണം പ്രോത്സാഹിപ്പിക്കുക, സാങ്കേതികവിദ്യയുടെ ഭാവി സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ശാസ്ത്ര ഗവേഷണത്തെ പിന്തുണയ്ക്കുക, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ മേഖലകളിലെ അന്താരാഷ്ട്ര സഹകരണത്തിലൂടെ വെല്ലുവിളികളെ അതിജീവിക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച സൗദി അറേബ്യയ്ക്കും പങ്കെടുത്തതിന് പ്രസിഡന്റ് ബൈഡനും യു എ ഇ പ്രസിഡന്റ് നന്ദിയും അഭിനന്ദനവും അറിയിച്ചു. മറ്റു ജിസിസി രാജ്യങ്ങളിലെ മഹത്തായ നേതാക്കൾ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജോർദാനിലെ കിംഗ് അബ്ദുല്ല II ഇബ്‌ൻ അൽ ഹുസൈൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി, ഇറാഖ് പ്രധാനമന്ത്രി ഡോ. മുസ്തഫ അൽ കാദിമി തുടങ്ങിയവരും ജിദ്ദ സെക്യൂരിറ്റി ആന്റ് ഡെവലപ്‌മെന്റ് ഉച്ചകോടിയിൽ പങ്കെടുത്തു.

WAM