അബുദാബി: ഡാർബ് ടോൾ നിയമങ്ങളിൽ മാറ്റം വരുത്തുന്നു

featured GCC News

2025 സെപ്റ്റംബർ 1 മുതൽ എമിറേറ്റിലെ ഡാർബ് ടോൾ നിയമങ്ങളിൽ മാറ്റം വരുത്തുന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു. 2025 ഓഗസ്റ്റ് 14-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ട്രാഫിക് കൂടുതൽ സുഗമമാക്കുന്നതിനും, പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനുമായാണ് ഈ നടപടി.

ഈ അറിയിപ്പ് പ്രകാരം 2025 സെപ്റ്റംബർ 1 മുതൽ ഡാർബ് ടോൾ നിയമങ്ങളിൽ താഴെ പറയുന്ന മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്:

  • വൈകുന്നേരങ്ങളിൽ ടോൾ ഈടാക്കുന്ന തിരക്കേറിയ സമയക്രമങ്ങൾ വൈകീട്ട് 3 മുതൽ രാത്രി 7 മണി എന്ന രീതിയിൽ (തിങ്കൾ മുതൽ ശനി വരെ) പുനഃക്രമീകരിക്കുന്നതാണ്.
  • രാവിലത്തെ ടോൾ സമയങ്ങൾ രാവിലെ 7 മണിമുതൽ 9 മണിവരെ എന്ന രീതിയിൽ തന്നെ തുടരുന്നതാണ്.
  • പൊതുഅവധിദിനങ്ങൾ, ഞായറാഴ്ചകൾ എന്നീ ദിനങ്ങളിൽ ടോൾ സൗജന്യമായി തുടരും.
  • സ്വകാര്യ വാഹനങ്ങൾക്ക് ടോൾ നിരക്കുകളിൽ അനുവദിച്ചിരുന്ന ദിനം തോറും, മാസം തോറുമുള്ള പരമാവധി ടോൾ നിരക്ക് എന്ന ഇളവ് ഒഴിവാക്കും. ഇതോടെ ഓരോ സ്വകാര്യ വാഹനത്തിനും ദിനം തോറും പരമാവധി 16 ദിർഹം ടോൾ, മാസം തോറുമുള്ള 200 ദിർഹം പരമാവധി ടോൾ തുക എന്നീ ഇളവുകൾ ഒഴിവാകുന്നതാണ്.
  • ഇതോടെ ഒരു വാഹനം എമിറേറ്റിലെ ഓരോ ടോൾ ഗേറ്റിലൂടെ കടന്ന് പോകുന്ന അവസരത്തിലും നാല് ദിർഹം വീതം ടോൾ നിരക്ക് ചുമത്തുന്നതാണ്.
  • പൊതുസമൂഹത്തിലെ ഏതാനം വിഭാഗങ്ങൾക്ക് അനുവദിച്ചിരുന്ന ടോൾ ഇളവുകൾ തുടരും.
  • അബുദാബി ഡാർബ് ടോൾ സംവിധാനത്തിന്റെ നടത്തിപ്പ് അബുദാബി ഡവലപ്‌മെന്റൽ ഹോൾഡിങ് കമ്പനിക്ക് (ADQ) കീഴിലുള്ള ‘ക്യൂ മൊബിലിറ്റി’ എന്ന സ്ഥാപനത്തിനായിരിക്കും.