മറ്റു എമിറേറ്റുകളിൽ നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ 2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു. സെപ്റ്റംബർ 18, ശനിയാഴ്ച്ചയാണ് കമ്മിറ്റി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് സെപ്റ്റംബർ 19 മുതൽ COVID-19 പരിശോധന ആവശ്യമില്ലെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റിലെ COVID-19 രോഗവ്യാപനത്തിന്റെ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് മറ്റു എമിറേറ്റുകളിൽ നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന COVID-19 PCR/ ലേസർ DPI ടെസ്റ്റുകൾ ഒഴിവാക്കാൻ കമ്മിറ്റി തീരുമാനിച്ചത്. എമിറേറ്റിലെ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നടപ്പിലാക്കിയിട്ടുള്ളതും ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്നതിന് കാരണമായെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.
എമിറേറ്റിലെ രോഗവ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുമെന്ന് കമ്മിറ്റി വ്യക്തമാക്കി. പൊതു സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബിയിലെത്തുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും, സന്ദർശകരും എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
എമിറേറ്റിലെ COVID-19 രോഗവ്യാപനത്തിന്റെ നിരക്ക് കുറഞ്ഞതായും, നിലവിൽ ആകെ നടത്തിയ ടെസ്റ്റുകളുടെ 0.2 ശതമാനം മാത്രമാണിതെന്നും അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി ഏതാനം ദിവസങ്ങൾക്ക് മുൻപ് സ്ഥിരീകരിച്ചിരുന്നു.