എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു. ജൂലൈ 15-ന് രാത്രിയാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
COVID-19 വൈറസിന്റെ വിവിധ വകഭേദങ്ങളുടെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തുന്ന പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഈ തീരുമാനപ്രകാരം, ജൂലൈ 19 മുതൽ അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ ബാധകമാകുന്നതാണ്:
- എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ, ഇത്തരം പരിശോധനാ ഫലങ്ങൾ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ലേസർ DPI നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ, ഇത്തരം പരിശോധനാ ഫലങ്ങൾ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 24 മണിക്കൂറിനിടയിൽ നേടിയതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- PCR റിസൾട്ട് ഉപയോഗിച്ച് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ, അവർ എമിറേറ്റിൽ നാല് ദിവസത്തിൽ കൂടുതൽ തുടരുന്ന സാഹചര്യത്തിൽ നാലാം ദിനം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർ എട്ട് ദിവസത്തിൽ കൂടുതൽ എമിറേറ്റിൽ തുടരുന്ന സാഹചര്യത്തിൽ എട്ടാം ദിനം മറ്റൊരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
- DPI റിസൾട്ട് ഉപയോഗിച്ച് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ, അവർ എമിറേറ്റിൽ 48 മണിക്കൂറിലധികം കൂടുതൽ തുടരുന്ന സാഹചര്യത്തിൽ മൂന്നാം ദിനം ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർ ഏഴ് ദിവസത്തിൽ കൂടുതൽ എമിറേറ്റിൽ തുടരുന്ന സാഹചര്യത്തിൽ ഏഴാം ദിനം മറ്റൊരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
- എമിറേറ്റിലേക്ക് ഒന്നിൽ കൂടുതൽ തവണ പ്രവേശിക്കുന്നവർക്ക്, പ്രവേശനം ലഭിക്കുന്നതിനായി ഒന്നിലധികം തവണ തുടർച്ചയായി DPI പരിശോധനാ ഫലം ഉപയോഗിക്കാൻ അനുമതിയില്ല. ഒരു തവണ പ്രവേശിക്കുന്നതിന് DPI ഉപയോഗിച്ചാൽ, അടുത്ത തവണ PCR ഉപയോഗിക്കേണ്ടതാണ്.
എമിറേറ്റിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്തവരും, വാക്സിനെടുക്കാത്തവരുമായ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും ഈ നടപടിക്രമങ്ങൾ ബാധകമാണെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പൊതുസമൂഹത്തിലെ സുരക്ഷ മുൻനിർത്തി പൊതുഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ COVID-19 നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതിന് പുറമെ, 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും, രാത്രികാലങ്ങളിൽ അഞ്ച് മണിക്കൂർ യാത്രാ നിയന്ത്രണം ഏർപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.