അൽ ഐനിൻ്റെ സമ്പന്നമായ ചരിത്രവും ആകർഷണങ്ങളും പ്രദർശിപ്പിക്കുന്നതിനായി ‘അൽ ഐൻ: എ ലിവിംഗ് ഒയാസിസ്’ എന്ന പേരിൽ നാല് ഭാഗങ്ങളുള്ള ഡോക്യുമെൻ്ററി-ശൈലിയുള്ള ഒരു പ്രചാരണ പരിപാടിയ്ക്ക് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് തുടക്കമിട്ടു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പിൻ്റെ ഡെസ്റ്റിനേഷൻ ബ്രാൻഡായ എക്സ്പീരിയൻസ് അബുദാബിയുടെ നേതൃത്വത്തിലാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. ഈ കാമ്പെയ്ൻ അൽ ഐൻ നഗരത്തിൻ്റെ സമ്പന്നമായ സംസ്കാരം, സാഹസികത, പാരമ്പര്യം എന്നിവ പര്യവേക്ഷണം ചെയ്യുന്നു.
രണ്ട് എമിറാത്തി സുഹൃത്തുക്കൾ,എമിറേറ്റിലെ ചരിത്രപ്രാധാന്യമുള്ള കോട്ടകളിലും പച്ചപ്പുള്ള മരുപ്പച്ചകളിലും പര്യടനം നടത്തുന്ന രീതിയിലാണ് ഈ പ്രചാരണ പരിപാടി ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ഫോട്ടോഗ്രാഫറായ എമിറാത്തി കോർപ്പറേറ്റ് ബാങ്കർ ഉബൈദ് അൽബുദൂർ, സേലം അൽ അത്താസ് എന്നിവരാണ് ഈ കാമ്പെയ്നിലെ പ്രധാന താരങ്ങൾ.
ഇവർ ഉല്ലാസപ്രദമായ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും, ഊർജ്ജസ്വലമായ പ്രാദേശിക ജീവിതത്തിൽ മുഴുകുന്നതും, അമ്പെയ്ത്ത്, കുതിരസവാരി തുടങ്ങിയ കായിക വിനോദങ്ങൾ പരീക്ഷിക്കുന്നതും ഈ ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നു.
അബുദാബിയിൽ നിന്നും ദുബായിൽ നിന്നും ഒരു മണിക്കൂർ മാത്രം അകലെയുള്ള യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ അൽ ഐൻ, 5000 വർഷത്തിലധികം വർഷങ്ങളായി മനുഷ്യവാസമുള്ള ശാന്തവും സമൃദ്ധവുമായ ഒരിടമാണ്. പുരാവസ്തു സൈറ്റുകൾ, പുനഃസ്ഥാപിച്ച കോട്ടകൾ, കരകൗശലത്തിനും പാരമ്പര്യത്തിനും പേരുകേട്ട ആദ്യകാല കേന്ദ്രങ്ങൾ എന്നിവ ഇവിടെ ധാരാളമുണ്ട്.
ഈ ഡോക്യുമെൻ്ററി ക്യാമ്പയിൻ https://visitalain.ae/en/campaign/al-ain-living-oasis എന്ന വിലാസത്തിൽ ലഭ്യമാണ്.
WAM