എമിറേറ്റിൽ സംഘടിപ്പിക്കുന്ന സാമൂഹിക ചടങ്ങുകൾ, കുടുംബ ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു. ഈ മാറ്റങ്ങൾ 2021 ഡിസംബർ 27 മുതൽ പ്രാബല്യത്തിൽ വന്നതായും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
എമിറേറ്റിൽ ഔട്ഡോർ, ഇൻഡോർ വേദികളിൽ നടത്തുന്ന ഇത്തരം ചടങ്ങുകൾക്കെല്ലാം ഈ പുതുക്കിയ നിബന്ധനകൾ ബാധകമാണ്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നിബന്ധനകളാണ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്:
- വിവാഹ ചടങ്ങുകൾ, ശവസംസ്‌കാരങ്ങൾ, കുടുംബയോഗങ്ങൾ തുടങ്ങിയ സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുന്ന വേദികൾ അവയുടെ പരമാവധി ശേഷിയുടെ 60 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് പ്രവർത്തിക്കുന്നതാണ്.
- ഇൻഡോർ വേദികളിൽ നടക്കുന്ന ഇത്തരം പരിപാടികളിൽ അനുവദനീയമായ പരമാവധി ആളുകളുടെ എണ്ണം 50 കവിയാൻ പാടില്ല.
- ഔട്ട്ഡോർ ഇവന്റുകളിലും ഓപ്പൺ എയർ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം 150-ൽ കൂടരുത്.
- വീടുകളിൽ വെച്ച് സംഘടിപ്പിക്കുന്ന സാമൂഹിക പരിപാടികളിൽ പരമാവധി 30 പേർക്കാണ് പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്.
എമിറേറ്റിൽ സംഘടിപ്പിക്കുന്ന സാമൂഹിക പരിപാടികളിലേക്ക് പ്രവേശിക്കുന്നതിന്, Alhosn ആപ്പിലെ ഗ്രീൻ പാസ്, 48 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് PCR പരിശോധനാ ഫലം തുടങ്ങിയ നിബന്ധനകൾ തുടരുന്നതാണെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വേദികളിലെത്തുന്ന മുഴുവൻ പേർക്കും മാസ്കുകളുടെ ശരിയായ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ ബാധകമാണ്.
ഇത്തരം നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായുള്ള പരിശോധനകൾ, നിരീക്ഷണം മുതലായവ ശക്തമാക്കുമെന്ന് കമ്മിറ്റി അറിയിച്ചു. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, മൂക്കും വായും മൂടുന്ന രീതിയിൽ മാസ്‌കുകൾ ധരിക്കുക, കുറഞ്ഞത് 2 മീറ്റർ അകലത്തിൽ ശാരീരിക അകലം പാലിക്കുക, പതിവായി കൈകൾ കഴുകി വൃത്തിയാക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ തുടരണമെന്ന് കമ്മിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതോടൊപ്പം ബൂസ്റ്റർ വാക്‌സിൻ ഡോസ് സ്വീകരിക്കാനും, കൃത്യമായ ഇടവേളകളിലെ PCR പരിശോധനയിലൂടെ അൽഹോസ്‌ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താനും കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
WAM