വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് യാത്രചെയ്യുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, വിനോദസഞ്ചാരികൾക്ക് 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. സെപ്റ്റംബർ 2-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വാക്സിനെടുത്തിട്ടുള്ളവർക്ക് പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കാനുള്ള യു എ ഇ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, സെപ്റ്റംബർ 5 മുതൽ താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് വിനോദസഞ്ചാരികൾക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്:
- ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിട്ടുള്ള 16 വയസിന് മുകളിൽ പ്രായമുള്ള വിനോദസഞ്ചാരികൾക്കാണ് ഇത്തരം പ്രവേശനം അനുവദിക്കുന്നത്.
- അബുദാബിയിലേക്കുള്ള യാത്രകൾക്ക് മുൻപായി, വിനോദസഞ്ചാരികൾ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വെബ്സൈറ്റിലൂടെയോ, ആപ്പിലൂടെയോ ഉറപ്പ് വരുത്തേണ്ടതാണ്.
- അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾ യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. ഇവർക്ക് ക്വാറന്റീൻ ആവശ്യമില്ല.
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർക്ക് ക്വാറന്റീൻ ആവശ്യമില്ല.
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള വിനോദസഞ്ചാരികൾക്ക് അബുദാബിയിലെത്തിയ ശേഷം എമിറേറ്റിലെ നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഇതിനായി ഇവർക്ക് തങ്ങളുടെ ഫോണുകളിൽ Alhosn, അല്ലെങ്കിൽ അവരുടെ രാജ്യത്തെ അംഗീകൃത COVID-19 ആപ്പ് ഉപയോഗിച്ച് വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കാവുന്നതാണ്.
വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള മുഴുവൻ യാത്രികർക്കും ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ഈ അറിയിപ്പിലൂടെ കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.