വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. സെപ്റ്റംബർ 2-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വിദേശത്ത് നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള മുഴുവൻ യാത്രികർക്കും ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ഈ അറിയിപ്പിൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കുന്ന യാത്രികർക്ക് മാത്രമാണ് എമിറേറ്റിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകിയിരുന്നത്.
മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് നിലവിൽ 7 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ തീരുമാനത്തോടെ, സെപ്റ്റംബർ 5 മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നും അബുദാബിയിലേക്കെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള മുഴുവൻ യാത്രികർക്കും ക്വാറന്റീൻ ഒഴിവാകുന്നതാണ്.
വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് അനുസരിച്ചുള്ള ക്വാറന്റീൻ നടപടികൾ, PCR ടെസ്റ്റിംഗ് നിബന്ധനകൾ എന്നിവയിലാണ് സെപ്റ്റംബർ 5 മുതൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
ഈ അറിയിപ്പ് പ്രകാരം വിദേശത്ത് നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന പൗരന്മാർ, പ്രവാസികൾ, സന്ദർശകർ തുടങ്ങിയ മുഴുവൻ യാത്രികരും താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.
- അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും (വാക്സിനെടുത്തവരും, അല്ലാത്തവരും ഉൾപ്പടെ) യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
- എല്ലാ യാത്രികർക്കും അബുദാബിയിലെ വിമാനത്താവളത്തിൽ നിന്ന് ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് സെപ്റ്റംബർ 5 മുതൽ ബാധകമാകുന്ന യാത്രാ നിർദ്ദേശങ്ങൾ:
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ, ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ സെപ്റ്റംബർ 5 മുതൽ ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്.
COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ ഏറ്റവും പുതുക്കിയ പട്ടിക (2021 സെപ്റ്റംബർ 1-ന് പ്രസിദ്ധീകരിച്ചത്) https://pravasidaily.com/abu-dhabi-to-update-green-list-of-covid-19-safe-countries-from-september-1-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടില്ലാത്തവർക്ക് സെപ്റ്റംബർ 5 മുതൽ ബാധകമാകുന്ന യാത്രാ നിർദ്ദേശങ്ങൾ:
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാതെ, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും, ഒമ്പതാം ദിനത്തിലും വീണ്ടും COVID-19 PCR ടെസ്റ്റുകൾ നടത്തേണ്ടതാണ്.
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർ ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ പത്ത് ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ഒമ്പതാം ദിനത്തിൽ മറ്റൊരു COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്.