അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി സെപ്റ്റംബർ 20-ന് മുൻപായി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ നിർദ്ദേശം

featured GCC News

എമിറേറ്റിൽ COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിനർഹരായവർ, അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി 2021 സെപ്റ്റംബർ 20-ന് മുൻപായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു. സെപ്റ്റംബർ 17-നാണ് അധികൃതർ ഇക്കാര്യം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തിയത്.

സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ വ്യക്തികൾക്കാണ് ഇത്തരത്തിൽ ഒരു അധിക ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്. എമിറേറ്റിൽ നൽകിവരുന്ന COVID-19 വാക്സിനുകളുടെ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും, രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയവരിൽ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനും ഈ നടപടി നിർബന്ധമാണെന്ന് കമ്മിറ്റി നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും, Alhosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി കമ്മിറ്റി 2021 സെപ്റ്റംബർ 20 വരെ അധിക സമയം അനുവദിച്ചിരുന്നു. ഇത്തരം വ്യക്തികൾക്ക് സെപ്റ്റംബർ 20-ന് ശേഷം ഇവർ ബൂസ്റ്റർ ഡോസ് എടുക്കുന്നത് വരെ Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കുന്നതല്ല. അബുദാബിയിലെ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.

ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനായി https://www.seha.ae/covid-19-landing എന്ന വിലാസത്തിൽ SEHA-യുടെ കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതോടെ Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതാണ്. ഓരോ 30 ദിവസം തോറും PCR ടെസ്റ്റ് നടത്തിക്കൊണ്ട് ഈ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താവുന്നതാണ്.

സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ വ്യക്തികൾ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു.