എമിറേറ്റിലെ അണുനശീകരണ പ്രവർത്തനങ്ങൾക്ക് ശേഷം, ഏതാനം പൊതു പാർക്കുകളും, ബീച്ചുകളും ജൂലൈ 3, വെള്ളിയാഴ്ച്ച മുതൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു. ഇത്തരം പാർക്കുകളിൽ സുരക്ഷയുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ഏർപെടുത്തിയിരിക്കുന്നത്. തുറക്കുന്ന പാർക്കുകളിലും, ബീച്ചുകളിലും പരമാവധി ശേഷിയുടെ 40% പേർക്ക് മാത്രമാണ് ഒരേസമയം പ്രവേശനം നൽകുന്നത്.
DMT-യുടെ സ്മാർട്ട്ഹബ് ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂർ ആയി അനുവാദം നേടുന്നവർക്ക് മാത്രമേ പാർക്കുകളിലും, ബീച്ചുകളിലും പ്രവേശനം അനുവദിക്കൂ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അൽഹൊസൻ ആപ്പിൽ COVID-19 നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സന്ദർശകർക്ക് മാത്രമാണ് പ്രവേശനം നൽകുക. ഇതിനു പുറമെ, പാർക്കുകളിലും, ബീച്ചുകളിലും പ്രവേശിക്കുന്നതിന് മുൻപ് ശരീരോഷ്മാവ് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
അബുദാബിയിലെ ഉമ്മുൽ എമറാത്ത് പാർക്ക്, ഖലീഫ പാർക്ക്, അൽ ഐനിലെ അൽ സുലൈമി പാർക്ക്, അൽ ദഫ്‌റയിലെ മദീനത്ത് സായിദ്, അബുദാബിയിലെ ഹുദൈരിയത് ബീച്ച്, കോർണിഷ് ബീച്ച്, അൽ ദഫ്‌റയിലെ അൽ മിർഫ ബീച്ച് എന്നിവയാണ് ജൂലൈ 3 മുതൽ തുറക്കുന്നത്. സന്ദർശകർ നിർബന്ധമായും മാസ്കുകൾ ധരിക്കേണ്ടതും, 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതുമാണ്. ഇത്തരം ഇടങ്ങളിൽ 4 പേരിൽ കൂടുതൽ ഒത്തുചേരുന്നതിനു അനുവാദം ഉണ്ടായിക്കുകയില്ല.