ട്രാൻസ്‌പോർട്, ഇൻഫ്രാസ്ട്രക്ച്ചർ സ്ഥാപനമായ RITES ലിമിറ്റഡ്, ഗുജറാത്ത് മാരിടൈം ബോർഡ് എന്നിവരുമായി എ ഡി പോർട്സ് ഗ്രൂപ്പ് ഒരു സഹകരണ കരാറിൽ ഒപ്പ് വെച്ചു.
യു എ ഇയിലെയും, ഇന്ത്യയിലെയും സാമ്പത്തിക അവസരങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഇവർ ഈ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ആഗോള തലത്തിലുള്ള വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ ധാരണാപത്രം. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം, സാങ്കേതികവിദ്യകളുടെ കൈമാറ്റം, സുസ്ഥിരവും, പരിസ്ഥിതിയ്ക്ക് ഇണങ്ങുന്നതുമായ തുറമുഖ നിർമ്മാണം, നാവിക സംബന്ധിയായ വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങിയ നിരവധി സഹകരണപരമായ പദ്ധതികൾ ഈ കരാറിൽ ഉൾപ്പെടുന്നു. ഈ മേഖലയിൽ എ ഡി പോർട്സ് ഗ്രൂപ്പ് കൈവരിച്ചിട്ടുള്ള നേതൃത്വത്തിന് അടിവരയിടുന്നതാണ് ഈ പദ്ധതികൾ.
ഗുജറാത്ത് മാരിടൈം ബോർഡുമായി ഏർപ്പെട്ടിട്ടുള്ള കരാർ നിലവിലെ തുറമുഖങ്ങളുടെ പുനരുദ്ധാരണം, പുതിയ തുറമുഖങ്ങളുടെ നിർമ്മാണം എന്നിവ ലക്ഷ്യമിട്ടുള്ളതാണ്. RITES ലിമിറ്റഡുമായി ഒപ്പ് വെച്ചിട്ടുള്ള കരാർ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്സ്, ഫ്രീ ട്രേഡ് സോൺ, ഇക്കണോമിക് സോൺ, റെയിൽ കണക്ടിവിറ്റി പദ്ധതികൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവ ലക്ഷ്യമിടുന്നു.
Cover Image: Abu Dhabi Media Office.