2021 മെയ് 26 മുതൽ എല്ലാ പ്രായത്തിലുള്ളവർക്കും അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. COVID-19 സുരക്ഷാ നടപടികളുടെ ഭാഗമായി മേളയുടെ ആദ്യ ദിനങ്ങളിൽ പതിനേഴോ, അതിനു മുകളിലോ പ്രായമുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.
എന്നാൽ മെയ് 26, ബുധനാഴ്ച്ച മുതൽ, 48 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് COVID-19 PCR റിസൾട്ട് ഹാജരാക്കുന്ന എല്ലാ പ്രായവിഭാഗങ്ങളിൽ പെടുന്നവർക്കും അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. സന്ദർശകർക്ക് മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
ദിനവും രാവിലെ 9 മുതൽ രാത്രി 10 വരെയാണ് (വെള്ളിയാഴ്ച്ച വൈകീട്ട് 4 മുതൽ രാത്രി 10 വരെ) മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. മേള സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനായുള്ള മുൻകൂർ രജിസ്‌ട്രേഷൻ https://adbookfair.com/en എന്ന വിലാസത്തിലൂടെയോ, ‘AbuDhabiBookFair’ ആപ്പിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.
മേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ COVID-19 PCR പരിശോധന:
മേളയിൽ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി PCR പരിശോധനകൾ നടത്താമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനായി ഇത്തരം കേന്ദ്രങ്ങളിൽ മേളയിലേക്കുള്ള പ്രവേശന പാസ് ഹാജരാക്കേണ്ടതാണ്.
പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ളവർക്ക് രക്ഷിതാക്കൾക്കൊപ്പമാണ് മേളയിലേക്ക് പ്രവേശനം നൽകുന്നത്. ഒരു രക്ഷിതാവിനൊപ്പം പരമാവധി 2 കുട്ടികൾക്കാണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
മുപ്പതാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2021 മെയ് 23, ഞായറാഴ്ച്ച ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തിരുന്നു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ഈ പുസ്തകമേള അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് (ADNEC) നടക്കുന്നത്.
COVID-19 പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ നിബന്ധനകളോടെയാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.
WAM