മുപ്പതാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ഉദ്‌ഘാടനം ചെയ്തു

UAE

മുപ്പതാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2021 മെയ് 23, ഞായറാഴ്ച്ച ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ഈ പുസ്തകമേള അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് (ADNEC) നടക്കുന്നത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ചെയർമാൻ H.E. മുഹമ്മദ് ഖലീഫ അൽ മുബാറക്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അണ്ടർ സെക്രട്ടറി H.E. സഊദ് അൽ ഹോസാനി, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ ചെയർമാൻ H.E. ഡോ. അലി ബിൻ തമീം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ മൗസ അൽ ഷംസി മുതലായവർ മേളയുടെ ഉദ്‌ഘാടനവേളയിൽ സന്നിഹിതരായിരുന്നു. ഉദ്‌ഘാടനത്തിന് ശേഷം H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ഈ വർഷത്തെ മേളയിലെ വിശിഷ്ടാതിഥിയായ ജർമനിയുടെ പവലിയൻ സന്ദർശിച്ചു.

ആഗോള തലത്തിൽ സാഹിത്യലോകത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ വഹിക്കുന്ന വലിയ പങ്ക് H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് മേള ഉദ്‌ഘാടനം ചെയ്തു കൊണ്ട് ചൂണ്ടിക്കാട്ടി. ലോകത്തെ വിവിധ സംസ്കാരങ്ങളെയും, നാഗരികതകളെയും തമ്മിൽ കൂട്ടിയിണക്കുന്നതിൽ ഇത്തരം സാംസ്‌കാരിക പരിപാടികൾക്കുള്ള പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വായന പ്രോത്സാഹിപ്പിക്കുന്നതിലും, അറബിക് ഭാഷയിലും, മറ്റു ഭാഷകളിലുമുള്ള പുസ്തകങ്ങൾ മൊഴിമാറ്റം ചെയ്യുന്നതിനും അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ വലിയ പങ്ക് വഹിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

2021 മെയ് 23, ഞായറാഴ്ച്ച മുതൽ മെയ് 29 വരെയാണ് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കപ്പെടുന്നത്. ഈ വർഷത്തെ അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 46 രാജ്യങ്ങളിൽ നിന്നായി 800-ൽ പരം പ്രദര്‍ശകർ പങ്കെടുക്കുന്നുണ്ട്. അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങൾ മേളയുടെ ഭാഗമായി പ്രദർശനത്തിലുണ്ട്. ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന മേളയുടെ ഭാഗമായി 100-ൽ പരം പ്രത്യേക സംവാദങ്ങളും, പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

COVID-19 പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ നിബന്ധനകളോടെയാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. സന്ദർശകർക്ക് മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ദിനവും രാവിലെ 9 മുതൽ രാത്രി 10 വരെയാണ് (വെള്ളിയാഴ്ച്ച വൈകീട്ട് 4 മുതൽ രാത്രി 10 വരെ) മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. മേള സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനായുള്ള മുൻ‌കൂർ രജിസ്‌ട്രേഷൻ https://adbookfair.com/en എന്ന വിലാസത്തിലൂടെയോ, ‘AbuDhabiBookFair’ ആപ്പിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിരുന്നു.